ദാദ യുഗം തുടരുമോ; നിര്‍ണായക നീക്കവുമായി ബിസിസിഐ

By Web TeamFirst Published Nov 26, 2019, 9:45 AM IST
Highlights

ഭരണത്തിൽ പരിചയസമ്പന്നരുടെ സാന്നിധ്യം ഉറപ്പാക്കാൻ കൂളിംഗ് ഓഫ് നിയമം ഒഴിവാക്കണമെന്നാണ് ബിസിസിഐയുടെ നിലപാട്

മുംബൈ: സുപ്രീംകോടതി നിയോഗിച്ച ലോധ സമിതി നിർദേശിച്ച കൂളിംഗ് ഓഫ് നിയമത്തെ മറികടക്കാൻ ബിസിസിഐ നീക്കം. ഭരണത്തിൽ പരിചയസമ്പന്നരുടെ സാന്നിധ്യം ഉറപ്പാക്കാൻ കൂളിംഗ് ഓഫ് നിയമം ഒഴിവാക്കണമെന്നാണ് ബിസിസിഐയുടെ നിലപാട്. ഇതേസമയം, ഭാരവാഹികളുടെ പരമാവധി പ്രായം 70 വയസെന്ന നിയമത്തിൽ മാറ്റം വരുത്തില്ലെന്നും ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു. 

ബിസിസിഐയുടെ അടുത്ത വാർഷിക പൊതുയോഗത്തിലാണ് കൂളിംഗ് ഓഫ് നിയമം മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുക. നിയമം മാറ്റിയാൽ സൗരവ് ഗാംഗുലിക്ക് പത്ത് മാസത്തിന് ശേഷവും ബിസിസിഐ അധ്യക്ഷനായി തുടരാനും കഴിയും. നിലവിലെ നിയമം അനുസരിച്ച് ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനിലോ തുടർച്ചയായി ആറുവർഷം ഭരണത്തിലിരുന്നാൽ ചുമതലകളിൽ നിന്ന് നിൽക്കണം. ഈ കൂളിംഗ് ഓഫ് നിയമം മാറ്റാനാണ് പുതിയ ബിസിസിഐ ഭരണസമിതിയുടെ ശ്രമം. 

ഒക്‌ടോബര്‍ 23നാണ് ബിസിസിഐ പ്രസിഡന്‍റായി സൗരവ് ഗാംഗുലി ചുമതലയേറ്റത്. മുംബൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് മുന്‍ ഇന്ത്യന്‍ നായകനായ ഗാംഗുലി സ്ഥാനമേറ്റത്. 10 മാസമാണ് ദാദയുടെ കാലാവധി. ബിസിസിഐ തലപ്പത്ത് എത്തും മുന്‍പ് അഞ്ച് വര്‍ഷക്കാലം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു സൗരവ് ഗാംഗുലി. 

click me!