
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ഇംഗ്ലണ്ടിനെതിരായ നിലവിലെ പരമ്പരയിലെ ആദ്യ ടി20 മത്സരത്തില്‍ 15 വയസുകാരനായ സൂര്യവംശി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അഭിഷേക് ശര്‍മ - സഞ്ജു സാംസണ്‍ ഓപ്പണിംഗ് സഖ്യത്തെ തന്നെ മാനേജ്മെന്റ് നിലനിര്‍ത്തുകയായിരുന്നു. ഇതോടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
കഴിഞ്ഞ മാസം അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും സൂര്യവംശിയെ പുറത്തിരുത്തിയതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടീം മാനേജ്മെന്റിനെ പിന്തുണച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രംഗത്തെത്തിയത്. ''സൂര്യവംശി വളരെ കഴിവുള്ള താരമാണെന്ന് ഞങ്ങളും വിശ്വസിക്കുന്നു. ഐപിഎല്ലില്‍ അത് അവന്‍ തെളിയിച്ചതുമാണ്. എന്നാല്‍, കോച്ചിനും ക്യാപ്റ്റനുമാണ് അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം. സാഹചര്യങ്ങള്‍ വിലയിരുത്തി അവര്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന സമയത്ത് അവര്‍ തീര്‍ച്ചയായും അവന് അവസരം നല്‍കും.'' രാജീവ് ശുക്ല പറഞ്ഞു.
അനാവശ്യമായ വിമര്‍ശനങ്ങള്‍ ടീം മാനേജ്മെന്റിനെതിരെ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2026 ഐപിഎല്‍ സീസണിലെ മികച്ച പ്രകടനമാണ് സൂര്യവംശിയെ ദേശീയ ടീമിലേക്ക് എത്തിച്ചത്. കളിച്ച 16 ഇന്നിങ്സുകളില്‍ നിന്ന് 237.30 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സ് അടിച്ചുകൂട്ടിയ താരമാണ് സൂര്യവംശി. ടൂര്‍ണമെന്റിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും ഈ കൗമാരതാരം സ്വന്തമാക്കിയിരുന്നു. ഈ മികച്ച ഫോം കണ്ട് സെലക്ടര്‍മാര്‍ പെട്ടെന്ന് തന്നെ താരത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ പരാജയത്തിന് ശേഷവും ടീം മാനേജ്മെന്റ് സൂര്യവംശിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. എന്തായാലും, സൂര്യവംശിയുടെ സമയം ഉടന്‍ വരുമെന്നും, അത്തരം തീരുമാനങ്ങള്‍ ടീം മാനേജ്മെന്റിന്റെ വിവേകത്തിന് വിട്ടുകൊടുക്കണമെന്നുമാണ് ബിസിസിഐ വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!