ഇന്ത്യൻ ക്രിക്കറ്റ് കലുഷിതമായ വര്‍ഷങ്ങളിലൂടെ കടന്നുപോയ അഗാര്‍ക്കര്‍ കാലം അതിന്റെ പര്യവസാനത്തോട് അടുക്കുകയാണ്. അഗാര്‍ക്കര്‍ ഒരു മോശം സെലക്ടര്‍ ആയിരുന്നോ?
രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നുള്ള വിരമിക്കല്‍, സഞ്ജു സാംസണിന്റെ മികവിനോട് പരിഹാസത്തോടയുള്ള സമീപനം, ശുഭ്മാൻ ഗില്ലിന്റെ ടി20 ടീമില്‍ നിന്നുള്ള പുറത്താകല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പലഫോര്‍മാറ്റുകളില്‍ നിന്നും അപ്രത്യക്ഷമായത്...അങ്ങനെ നീതികരിക്കാൻ സാധിക്കുന്നതും അല്ലാത്തതുമായി നിരവധി തീരുമാനങ്ങള്‍. ഇന്ത്യൻ ക്രിക്കറ്റ് കലുഷിതമായ വര്‍ഷങ്ങളിലൂടെ കടന്നുപോയ അഗാര്‍ക്കര്‍ കാലം അതിന്റെ പര്യവസാനത്തോട് അടുക്കുകയാണ്. അഗാര്‍ക്കര്‍ ഒരു മോശം സെലക്ടര്‍ ആയിരുന്നോ?
യഥാർത്ഥത്തില്‍ ചീഫ് സെലക്ടറുടെ സ്ഥാനത്തെ അഗാര്‍ക്കറിന്റെ കാലാവധി കഴിഞ്ഞ ജൂണില്‍ അവസാനിച്ചതാണ്. എന്നാല്‍, മൂന്ന് മാസം കൂടി നീട്ടി നല്‍കാൻ ബിസിസിഐ തയാറാകുകയായിരുന്നു. 2027 ഏകദിന ലോകകപ്പ് വരെ അഗാർക്കര്‍ തന്റെ പദവി സുരക്ഷിതമാക്കിയേക്കുമെന്ന് കരുതിയെങ്കിലും എല്ലാം മാറിമറിഞ്ഞത് ലോർഡ്‌സിലായിരുന്നു, കാരണം രോഹിത് ശർമ. 2027 ലോകകപ്പ് പദ്ധതികളില്‍ ഉണ്ടാകില്ലെന്ന് സെലക്ടർമാർ രോഹിതിനെ അറിയിച്ചിരുന്നെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകള്‍. ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് ഏകദിനം ഇതിഹാസത്തിന്റെ അവസാന മത്സരം ആയേക്കുമെന്നും അഭ്യൂഹങ്ങള്‍ പടർന്നു.
എന്നാല്‍ ഇത് ബിസിസിഐയുമായി ചേര്‍ന്നെടുത്ത തീരുമാനമാണോയെന്നത് വ്യക്തമല്ല. കാരണം, മൂന്നാം ഏകദിനത്തിന് മുൻപ് തന്നെ ബിസിസിഐ സെക്രട്ടറി ദേവ്‌ജിത് സൈകിയ രോഹിതിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ പൂർണമായും തള്ളുകയും അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലായെന്ന് വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ നടന്ന ഏകദിനത്തില്‍ സെഞ്ചുറിയോടെയായിരുന്നു രോഹിതിന്റെ മറുപടി. അതും ഏകദിന ഫോർമാറ്റില്‍ ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയോടെ, 39-ാം വയസിലാണ് നേട്ടമെന്നും ഓർക്കേണ്ടതുണ്ട്. തന്റെ സ്ഥാനത്തിലേയും ഫോമിലേയും ആശങ്കകള്‍ അന്തരീക്ഷത്തില്‍ നിന്ന് നീക്കാനും രോഹിതിനായി.
ഇത് മാത്രമല്ല അഗാര്‍ക്കറിന് വെല്ലുവിളിയായിരിക്കുന്നത്. ടി20 ഫോർമാറ്റില്‍ തുടരെ രണ്ട് പരമ്പരകള്‍ നഷ്ടമായത്. അതും അയർലൻഡിനോടും ഇംഗ്ലണ്ടിനോടും. ഒരു മത്സരം പോലും വിജയിക്കാതെയായിരുന്നു കീഴടങ്ങല്‍. പുറമെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തിരിച്ചടികള്‍. ഒൻപത് മത്സരങ്ങളില്‍ നിന്ന് നാല് വീതം ജയപരാജയങ്ങളുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ നിലവില്‍. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നിവര്‍ക്ക് പിന്നില്‍. അടുത്ത വാരം ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഫലം ഇന്ത്യയ്ക്കും അഗാർക്കറിനും നിര്‍ണായകമാണ്.
ഇനി അഗാര്‍ക്കറൊരു മികച്ച സെലക്ടറായിരുന്നോയെന്നത് പരിശോധിക്കാം. അഗാർക്കര്‍ 2023 ഒക്ടോബറില്‍ ചുമതലേയറ്റതിന് നാല് സുപ്രധാന ഐസിസി വൈറ്റ് ബോള്‍ ടൂർണമെന്റുകളാണ് ഇന്ത്യ കളിച്ചത്. 2023 ഏകദിന ലോകകപ്പ്, 2024 ടി20 ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി, 2026 ടി20 ലോകകപ്പ്. 2023 ഏകദിന ലോകകപ്പില്‍ ഫൈനല്‍, മറ്റ് മൂന്ന് ടൂർണമെന്റുകളില്‍ ഇന്ത്യ കിരീടവും ചൂടി. ഈ കാലയളവിലുടനീളം പല സുപ്രധാന മാറ്റങ്ങളും ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലും സംഭവിച്ചു. മൂന്ന് ഫോർമാറ്റിലും മൂന്ന് വ്യത്യസ്ത ടീമുകള്‍ക്ക് ഇന്ത്യ രൂപം നല്‍കുകയും ചെയ്തു.
സമീപകാല ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും നിർണായകമായ സംഭവവികാസങ്ങളെല്ലാം അഗാര്‍ക്കറിന്റെ കീഴിലായിരുന്നു. ഒന്ന്, രോഹിത്-വിരാട് വിരമിക്കല്‍. ബോര്‍ഡർ -ഗവാസ്ക്കര്‍ ട്രോഫി. ഒരു പരമ്പരയിലെ മോശം പ്രകടനത്താല്‍ ഇരുവര്‍ക്കും ടെസ്റ്റ് ഫോർമാറ്റിനോട് ഗുഡ് ബൈ പറയേണ്ടി വന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളെ അത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുക എന്നത് എളുപ്പമല്ല. ഭാവിയെ മുന്നില്‍ക്കണ്ടായിരുന്നു ഈ നീക്കം സംഭവിച്ചത്. അത് തെറ്റായ തീരുമാനമായിരുന്നില്ല എന്ന് ഇംഗ്ലണ്ട് പര്യടനം തെളിയിക്കുകയും ചെയ്തു. അടിവരയിടേണ്ടത് വരാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലാണ്.
ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊടുത്തതിന് പിന്നാലെ രോഹിതിനെ നായകസ്ഥാനത്തുനിന്ന് നീക്കിയത്. 2027 ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള തീരുമാനം. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ ലോകകപ്പിന് രണ്ട് വർഷം മുൻപ് തന്നെ നായകമാറ്റം സംഭവിക്കാറുണ്ട്. പക്ഷേ, രോഹിത് ഒരു മോശം സമയത്തിലൂടെ ആയിരുന്നില്ല ഇന്ത്യയെ നയിച്ചിരുന്നതപ്പോള്‍. അയാള്‍ക്ക് കീഴില്‍ ഇന്ത്യ സുവര്‍ണകാലഘട്ടം അനുഭവിക്കുക തന്നെയായിരുന്നു.
മറ്റൊന്ന് ടി20 ഫോർമാറ്റിലാണ്. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളുടെ നായകനായിട്ടും ശുഭ്മാൻ ഗില്ലിനെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കുകയും സഞ്ജു സാംസണിനേയും ഇഷാൻ കിഷനേയും ഉള്‍പ്പെടുത്തുകയും ചെയ്തു. ബോള്‍ഡായ ആ തീരുമാനം ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. സഞ്ജു ലോകകപ്പിന്റെ താരമാകുകയും ഇഷാൻ ഇന്ത്യയുടെ സെക്കൻഡ് ടോപ് സ്കോററാകുകയും ചെയ്തു. എന്നാല്‍, ലോകകപ്പിന് ശേഷം നടത്തിയ പരീക്ഷണങ്ങളൊന്നു തന്നെ പൂർണമായും വിജയിച്ചില്ല, പ്രത്യേകിച്ചും ബൗളിങ് നിരയില്‍.
ബൗളിങ് നിരയിലേക്ക് വരുമ്പോള്‍ ഷമിയേയും സിറാജിനേയും വിസ്മരിക്കുന്നതെങ്ങനെയാണ്. ഷമി മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും നീക്കപ്പെട്ടപ്പോള്‍ സിറാജ് ടെസ്റ്റിലേക്ക് മാത്രം ചുരുങ്ങി. 2027 ലോകകപ്പ് മുൻനിർത്തി ഉടച്ചുവാര്‍ക്കുകയാണ് ബൗളിങ് നിര, പക്ഷേ ഷമിയും സിറാജും നല്‍കുന്ന ക്വാളിറ്റിക്കൊപ്പം അവരാരെങ്കിലും എത്തുന്നുണ്ടോയെന്നത് ചോദ്യമാണ്. മികച്ച പ്രകടനങ്ങളുടെ പിൻബലമുണ്ടായിട്ടാണ് ഇരുവര്‍ക്കും കാത്തിരിക്കേണ്ടി വരുന്നത്. ആരാധകര്‍ക്ക് സ്വീകാര്യമല്ലാത്ത പല തീരുമാനങ്ങളും എടുത്തിരുന്നു അഗാർക്കര്‍, സ്റ്റാര്‍ഡത്തിന് മുകളില്‍ ഭാവിയെ കണ്ടായിരുന്നു അതിലും ഭൂരിഭാഗവും.
അതിലേറയും ഇന്ത്യ ക്രിക്കറ്റിനെ കിരീടങ്ങളിലേക്ക് തന്നെ നയിച്ചവയുമാണ്. പക്ഷേ രോഹിത്-കോലി സാഗ അതിജീവിക്കുക അഗാര്‍ക്കറിന് എളുപ്പമാകില്ല. ഇതുവരെ എടുത്ത തീരുമാനങ്ങള്‍പ്പോലെയാകില്ല അത്. പ്രത്യേകിച്ചും ഇരുവരും ഒരു ഫോര്‍മാറ്റ് മാത്രം കളിക്കുന്ന പശ്ചാത്തലത്തില്‍. അതിലൊരു സമവായം കണ്ടെത്തുക തന്നെയാണ് ബിസിസിഐക്ക് മുന്നിലെ വെല്ലുവിളിയും. ഒപ്പം ലോകകപ്പ് നേടിത്തന്നിട്ടും സഞ്ജുവിന് ടീമിന് പുറത്ത് പോകേണ്ടി വന്ന സാഹചര്യവുമുണ്ട്.


