ഏഷ്യാ കപ്പ്: പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് പ്ലേയിംഗ് ഇലവനെക്കുറിച്ച് നിര്‍ണായക സൂചനയുമായി ബിസിസിഐ

By Gopala krishnanFirst Published Aug 26, 2022, 7:37 PM IST
Highlights

എങ്കിലും ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജക്ക് പകരം സ്പെഷലിസ്റ്റ് ഫിനിഷറായി ദിനേശ് കാര്‍ത്തിക്കിനെ ടീമിലുള്‍പ്പെടുത്താനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് ആരാധകര്‍ ഇപ്പോഴും കരുതുന്നത്.

ദുബായ്: ഏഷ്യാ കപ്പില്‍ ഞായറാഴ്ച പാക്കിസ്ഥാനെതിരെ നടക്കുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച നിര്‍ണായക സൂചനയുമായി ബിസിസിഐ. ഇന്ത്യന്‍ ടീമിന്‍റെ പരിശീലന സെഷന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടതില്‍ നിന്നാണ് ആരാധകര്‍ ഇത് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനാണെന്ന അനുമാനത്തിലെത്തിയത്.

പരിശീലന സെഷനില്‍ 10 കളിക്കാരുടെ ചിത്രങ്ങളാണ് ബിസിസിഐ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍, അര്‍ഷദീപ് സിംഗ് എന്നിവരുടെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ബിസിസിഐ ക്രമത്തില്‍ പോസ്റ്റ് ചെയ്തത്.

ഇതുതന്നെയാവും പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെന്നാണ് ആരാധകരുടെ അനുമാനം. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മൂന്ന് പേസര്‍മാരും ഒരു സ്പെഷലിസ്റ്റ് സ്പിന്നറുമായി ഇന്ത്യ ഇറങ്ങിയേക്കുമെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന. ഹാര്‍ദ്ദിക് പാണ്ഡ്യയാവും അഞ്ചാം ബൗളറുടെ റോള്‍ ഏറ്റെടുക്കുക.

ഏഷ്യാ കപ്പ്: ഹെലികോപ്റ്റര്‍ ഷോട്ടുമായി ജഡേജ, ഒറ്റകൈയന്‍ സിക്സുമായി പന്ത്- വീഡിയോ

എങ്കിലും ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജക്ക് പകരം സ്പെഷലിസ്റ്റ് ഫിനിഷറായി ദിനേശ് കാര്‍ത്തിക്കിനെ ടീമിലുള്‍പ്പെടുത്താനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് ആരാധകര്‍ ഇപ്പോഴും കരുതുന്നത്. ദുബായിലെ പിച്ച് സ്പിന്നിനെ തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആവേശ് ഖാന് പകരം അശ്വിനോ രവി ബിഷ്ണോയിയോ അന്തിമ ഇലവനില്‍ കളിച്ചേക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ പാക്കിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തന്നെയാണ് ഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ 15-ാമത് എഡിഷനാണ് നാളെ യുഎഇയില്‍ തുടക്കമാകുന്നത്.

click me!