കോലിയുടെ ആധിപത്യം അവസാനിച്ചു; വിസ്ഡണ്‍ പുരസ്‌കാരം ബെന്‍ സ്‌റ്റോക്‌സിന്

By Web TeamFirst Published Apr 8, 2020, 3:39 PM IST
Highlights

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കന്നി ലോക കിരീടത്തിലേക്കു നയിച്ച പ്രകടനമാണ് സറ്റോക്സിനെ ജേതാവാക്കിയത്.

ലണ്ടന്‍: വര്‍ഷത്തെ വിസ്ഡണ്‍ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ് തിരിഞ്ഞെടുക്കപ്പെട്ടു. ഐസിസിയുടെ പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് പുറമെയാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കന്നി ലോക കിരീടത്തിലേക്കു നയിച്ച പ്രകടനമാണ് സറ്റോക്സിനെ ജേതാവാക്കിയത്. 2005ല്‍ ഫ്‌ളിന്റോഫാണ് അവസാനമായി വിസ്ഡന്‍ ക്രിക്കറ്റായി തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് താരം.

ലോകകപ്പിലെ താരവും ബെന്‍ സ്റ്റോക്‌സായിരുന്നു. ലോകകപ്പിലെ പ്രകടനം മാത്രമല്ല ചിരവൈരികളായ ഓസ്ട്രേലിയക്കെതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനവും സ്റ്റോക്സിനു കരുത്തായി. തുടര്‍ച്ചയായി മൂന്നു വര്‍ഷം വിസ്ഡണ്‍ പുരസ്‌കാരം കൈക്കലാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആധിപത്യം കൂടിയാണ് സ്റ്റോക്സ് ഇത്തവണ അവസാനിപ്പിച്ചത്.

അതേസമയം, വിസ്ഡണിന്റെ ലീഡിങ് ടി20 ക്രിക്കറ്റര്‍ പുരസ്‌കാരം വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനാണ്. ലീഡിങ് വനിതാ ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ഓസ്ട്രേലിയന്‍ താരം എല്ലിസ് പെറിയാണ്. 2016 മുതല്‍ 18 വരെ കോലിക്കായിരുന്നു വിസ്ഡണിന്റെ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. വീരേന്ദര്‍ സെവാഗ് (2008, 09), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2010) എന്നിവരാണ് ഇന്ത്യയില്‍ നിന്നും നേരത്തേ ഈ നേട്ടത്തിന് അര്‍ഹരായിട്ടുള്ളത്. 

കൂടുതല്‍ തവണ ജേതാവായിട്ടുള്ള താരമെന്ന റെക്കോര്‍ഡ് കോലിക്കു സ്വന്തമാണ്. മറ്റാര്‍ക്കും മൂന്നു തവണ ഈ പുരസ്‌കാരം ലഭിച്ചിട്ടില്ല. സെവാഗിനെക്കൂടാതെ ലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയും രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

click me!