
നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യക്കെതിരെ ദയനീയ തോല്‍വിയാണ് ഓസ്ട്രേലിയ നേരിട്ടത്. ആദ്യ ഇന്നിംഗ്‌സില്‍ 177 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 91നും പുറത്തായ ഓസീസ് ഇന്നിംഗ്‌സിനും 132 റണ്‍സിനും തോല്‍വി രുചിക്കുകയായിരുന്നു. നാഗ്‌പൂരിലെ സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്ന അതേ പിച്ചില്‍ കനത്ത തോല്‍വിക്ക് ശേഷം പാറ്റ് കമ്മിന്‍സും സംഘവും പരിശീലനത്തിന് പദ്ധതിയിട്ടു എന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഓസീസിന്‍റെ പദ്ധതിയെല്ലാം പാളിപ്പോയി.
ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പറയുന്നത്
നാഗ്‌പൂര്‍ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം അതേ പിച്ചില്‍ സ്‌പിന്‍ പരീക്ഷ ഒരിക്കല്‍ക്കൂടി നേരിടാനായിരുന്നു ഓസീസ് ടീമിന്‍റെ പദ്ധതി. ഇതിനായി നായകന്‍ പാറ്റ് കമ്മിന്‍സും പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനോട് പ്രത്യേകമൊരു അഭ്യര്‍ഥന നടത്തി. തൊട്ടടുത്ത ദിവസം പരിശീലിക്കാന്‍ പിച്ച് അതേപടി നിലനിര്‍ത്തണം എന്നായിരുന്നു കമ്മിന്‍സിന്‍റെ ആവശ്യം. എന്നാല്‍ നാഗ്‌പൂരിലെ ക്യുറേറ്റര്‍ പിച്ചില്‍ വെള്ളം തളിച്ചതോടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്ലാന്‍ പാളി എന്നാണ് ഓസീസ് മാധ്യമങ്ങള്‍ പറയുന്നത്. മൂന്ന് ദിവസം കൊണ്ട് നാഗ്‌പൂരിലെ പോരാട്ടം അവസാനിച്ചതോടെ രണ്ടാം ടെസ്റ്റിനായി ദില്ലിയിലേക്ക് തിരിക്കും മുമ്പ് നാലാം ദിനം രാവിലെ പരിശീലനം നടത്താനായിരുന്നു ഓസീസിന്‍റെ നീക്കം. എന്നാല്‍ മൂന്നാം ദിനത്തിലെ ടെസ്റ്റ് അന്ത്യത്തിന് പിന്നാലെ ക്യുറേറ്റര്‍മാര്‍ പിച്ച് നനച്ചതായി ഓസീസ് മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. ഈ ആരോപണത്തോട് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല.
നാഗ്‌പൂരില്‍ ഓസീസ് ബാറ്റര്‍മാര്‍ സമ്പൂര്‍ണ പരാജയമായിരുന്നു. പ്രത്യേകിച്ച് സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയ്‌ക്കും രവിചന്ദ്ര അശ്വിനും മുന്നില്‍. ഇന്ത്യ 400 റണ്‍സെടുത്ത പിച്ചിലാണ് ഓസീസ് 177, 91 സ്കോറുകളില്‍ ഒതുങ്ങിയത്. വീണ 20 വിക്കറ്റുകളില്‍ 15 ഉം അശ്വിനും ജഡേജയും ചേര്‍ന്ന് പങ്കിട്ടെടുത്തതോടെ ഓസീസ് മൂന്ന് ദിവസം കൊണ്ട് തോല്‍വി സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് നാഗ്‌പൂരില്‍ പ്രത്യേക പരിശീലന സെഷന്‍ നടത്താന്‍ സന്ദര്‍ശകര്‍ തീരുമാനിച്ചത്. പരിശീലനത്തിനായി ടീം ഹോട്ടലില്‍ നിന്ന് തിരിക്കുന്നതിന് തൊട്ടുമുമ്പാണ് പിച്ചില്‍ വെള്ളം നനച്ചതായുള്ള വിവരം ഓസീസ് ടീം അറിഞ്ഞത്.