ചൊവ്വാഴ്‌ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നടക്കുന്ന ഫിറ്റ്‌നസ് പരീക്ഷയായിരിക്കും ദില്ലി ടെസ്റ്റിലെ ശ്രേയസ് അയ്യരുടെ ഇടം തീരുമാനിക്കുക

ദില്ലി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ മധ്യനിര താരം ശ്രേയസ് അയ്യരില്ലാതെയാണ് ടീം ഇന്ത്യ ഓസീസിനെതിരെ ഇറങ്ങിയത്. പരിക്കായിരുന്നു സമീപകാലത്ത് ഫോമിലുള്ള താരത്തെ പ്ലേയിംഗ് ഇലവനില്‍ ഇന്ത്യക്ക് ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയതിന് കാരണം. ദില്ലിയില്‍ 17-ാം തിയതി ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ അയ്യര്‍ കളിക്കുമോ എന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. ദില്ലിയില്‍ കളിക്കാന്‍ ശ്രേയസിന് ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ അനുമതി ലഭിക്കുന്നതേയുള്ളൂ. 

ചൊവ്വാഴ്‌ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നടക്കുന്ന ഫിറ്റ്‌നസ് പരീക്ഷയായിരിക്കും ദില്ലി ടെസ്റ്റിലെ ശ്രേയസ് അയ്യരുടെ ഇടം തീരുമാനിക്കുക. 'താരത്തിന്‍റെ ഫിറ്റ്‌നസില്‍ വലിയ പുരോഗതിയുണ്ട്. ചൊവ്വാഴ്‌ചയിലെ ഫിറ്റ്‌നസ് പരീക്ഷ വിജയിച്ചാല്‍ വ്യാഴാഴ്‌ച ശ്രേയസ് അയ്യര്‍ ദില്ലിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും' എന്നും ബിസിസിഐ ഒഫീഷ്യല്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് വ്യക്തമാക്കി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നിന്നുള്ള സെല്‍ഫി ശ്രേയസ് അടുത്തിടെ പങ്കുവെച്ചിരുന്നു. ശ്രേയസിനൊപ്പം വാഷിംഗ്‌‌ടണ്‍ സുന്ദറും തിലക് വര്‍മ്മയും സെല്‍ഫിയിലുണ്ട്. 

2022ല്‍ ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് ടെസ്റ്റില്‍ നേടിയ താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ നടുവിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ഓസീസിനെതിരായ നാഗ്‌പൂര്‍ ടെസ്റ്റില്‍ കളിപ്പിച്ചില്ല. ഫിറ്റ്‌നസ് പരീക്ഷ വിജയിച്ചാല്‍ അഞ്ചാം നമ്പറിലേക്ക് തിരിച്ചെത്താനുള്ള വഴിയാണ് ശ്രേയസിന് തെളിയുക. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ അഭാവത്തില്‍ നാഗ്‌പൂര്‍ ടെസ്റ്റില്‍ കെ എസ് ഭരതിനും സൂര്യകുമാര്‍ യാദവിനും അരങ്ങേറ്റത്തിന് ഇന്ത്യന്‍ ടീം അവസരം നല്‍കിയിരുന്നു. ആദ്യ ടെസ്റ്റില്‍ എട്ട് റണ്‍സില്‍ പുറത്തായതിനാല്‍ അയ്യരുടെ മടങ്ങിവരവോടെ സ്‌കൈ വീണ്ടും ബഞ്ചിലാകാനാണ് സാധ്യത. ദില്ലിയില്‍ 17-ാം തിയതിയാണ് ഇന്ത്യ-ഓസീസ് രണ്ടാം ടെസ്റ്റ് തുടങ്ങുക. 

ഫോമിലല്ലെങ്കിലും കെ എല്‍ രാഹുല്‍ സുരക്ഷിതം; അടുത്ത ടെസ്റ്റിലും കളിക്കുമെന്ന് റിപ്പോര്‍ട്ട്