ബൗളിംഗിനിടെ വിരലില്‍ എന്തോ ഉരച്ച് ജഡേജ? വൈറലായി വീഡിയോ, ആരോപണവുമായി ഓസീസ് മുന്‍ നായകന്‍

By Web TeamFirst Published Feb 9, 2023, 6:51 PM IST
Highlights

വിവാദ വീഡിയോ വൈറലായതോടെ പ്രതികരണവുമായി ഓസീസ് ടെസ്റ്റ് ടീം മുന്‍ നായകന്‍ ടിം പെയ്‌ന്‍ രംഗത്തെത്തിയിട്ടുണ്ട്

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനം അഞ്ച് വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജ തന്‍റെ പേരിലാക്കിയപ്പോള്‍ വിവാദം. മത്സരത്തിനിടെ ജഡേജ വിരലില്‍ കൃത്രിമം നടത്തിയതായാണ് ട്വിറ്ററില്‍ പലരും വീഡിയോ പങ്കുവെച്ചുകൊണ്ട് ആരോപിക്കുന്നത്. സഹതാരം മുഹമ്മദ് സിറാജ് എന്തോ കൈമാറുന്നതും ജഡേജ അതുപയോഗിച്ച് വിരലില്‍ ഉരയ്ക്കുന്നതും കാണാം എന്നാണ് ഒരുപറ്റം ആരാധകരുടെ വാദം. എന്നാല്‍ വിരലിലല്ല, പന്തിലാണ് ജഡേജ എന്തോ ചെയ്യുന്നത് എന്ന് വാദിക്കുന്ന ആരാധകരുമുണ്ട്. എന്നാല്‍ ഇക്കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല. ആരോപണത്തില്‍ ഇന്ത്യന്‍ ടീം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

വിവാദ വീഡിയോ വൈറലായതോടെ പ്രതികരണവുമായി ഓസീസ് ടെസ്റ്റ് ടീം മുന്‍ നായകന്‍ ടിം പെയ്‌ന്‍ രംഗത്തെത്തിയിട്ടുണ്ട്. 'Interesting' എന്ന ഒറ്റ വാക്കോടെയാണ് ടിം പെയ്‌ന്‍റെ കമന്‍റ്. 

Interesting

— Tim Paine (@tdpaine36)

Post this Johns... Jadeja doing ball tampering pic.twitter.com/T937CP6SLQ

— ♠️ (@Sourabh_49)

നാഗ്‌പൂരില്‍ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 63.5 ഓവറില്‍ 22 ഓവറും എറിഞ്ഞ ജഡേജ 47 മാത്രം റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് കരസ്ഥമാക്കിയിരുന്നു. വമ്പന്‍മാരായ മാര്‍നസ് ലബുഷെയ്‌നെയും സ്റ്റീവ് സ്‌മിത്തിനേയും കൂടാതെ മാറ്റ് റെന്‍ഷോ, പീറ്റന്‍ ഹാന്‍ഡ്‌സ്കോമ്പ്, ടോഡ് മര്‍ഫി എന്നിവരെയും ജഡ്ഡു പുറത്താക്കി. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷമുള്ള മടങ്ങിവരവിലാണ് ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനം. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഡ്ഡു ഇന്ത്യന്‍ കുപ്പായമണിയുന്നത്. ഓസീസിന് എതിരെ ഇറങ്ങും മുമ്പ് രഞ്ജി ട്രോഫിയില്‍ ഒരിന്നിംഗ്‌സിലെ ഏഴ് അടക്കം മത്സരത്തില്‍ എട്ട് വിക്കറ്റുമായി ജഡേജ തിളങ്ങിയിരുന്നു. ആ മികവ് താരം തുടരുകയായിരുന്നു നാഗ്‌പൂരില്‍ ഓസീസിനെതിരെ.   

രവീന്ദ്ര ജഡേജ അഞ്ചും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും നേടിയപ്പോള്‍ നാഗ്‌പൂരില്‍ ഓസീസ് ആദ്യ ഇന്നിംഗ്‌സില്‍ 63.5 ഓവറില്‍ 177 റണ്‍സില്‍ ഓള്‍ഔട്ടായി. 123 പന്തില്‍ 49 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌നാണ് സന്ദര്‍ശകരുടെ ടോപ് സ്കോറര്‍. സ്റ്റീവ് സ്‌മിത്ത് 107 പന്തില്‍ 37 ഉം പീറ്റന്‍ ഹാന്‍ഡ്‌സ്‌കോമ്പ് 84 പന്തില്‍ 31 ഉം അലക്‌സ് ക്യാരി 33 പന്തില്‍ 36 ഉം റണ്‍സെടുത്തപ്പോള്‍ മറ്റാരെയും രണ്ടക്കം കാണാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. വാര്‍ണര്‍ക്ക് പുറമെ സഹഓപ്പണര്‍ ഉസ്‌മാന്‍ ഖവാജയും ഒരു റണ്‍സില്‍ പുറത്തായി. 

എന്താണ് തിരിച്ചുവരവിലെ വിജയരഹസ്യം; വെളിപ്പെടുത്തി രവീന്ദ്ര ജഡേജ

click me!