എന്താണ് തിരിച്ചുവരവിലെ വിജയരഹസ്യം; വെളിപ്പെടുത്തി രവീന്ദ്ര ജഡേജ
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനമാണ് രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് നേട്ടം

നാഗ്‌പൂര്‍: കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷമുള്ള മടങ്ങവരവിലെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം. പരിക്കും ശസ്‌ത്രക്രിയയും അത് കഴിഞ്ഞുള്ള നീണ്ട പരിശീലനവും ഫിറ്റ്‌നസ് പരീക്ഷയും പൂര്‍ത്തിയാക്കിയുള്ള തിരിച്ചുവരവില്‍ വിസ്‌മയിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. കഴിഞ്ഞ സെപ്റ്റംബറില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ താരം എങ്ങനെയാണ് അഞ്ച് വിക്കറ്റ് മികവിലേക്ക് എത്തിയത് എന്ന് നാഗ്‌പൂര്‍ ടെസ്റ്റിന്‍റെ ആദ്യ ദിനത്തിന് ശേഷം താരം തന്നെ വ്യക്തമാക്കി.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനമാണ് രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് നേട്ടം. തന്‍റെ സ്വപ്‌ന തിരിച്ചുവരവിനെ കുറിച്ച് ജഡേജ പറയുന്നത് ഇങ്ങനെ...
'മികച്ച ബൗളിംഗ് പുറത്തെടുക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. സ്വയം ബൗളിംഗ് ആസ്വദിക്കുകയാണ്. അഞ്ച് മാസത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക വെല്ലുവിളിയാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ അതിനാല്‍ തന്നെ വലിയ പരിശീലനം നടത്തിയിരുന്നു തന്‍റെ ഫിറ്റ്‌നസും കഴിവും തേച്ചുമിനുക്കുന്നതില്‍. നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി മത്സരം കളിച്ചപ്പോള്‍ 42 ഓവറുകളാണ് എറിഞ്ഞത്. അത് വലിയ ആത്മവിശ്വാസം തന്നു. വിക്കറ്റില്‍ ബൗണ്‍സ് ഇല്ലാത്തതിനാല്‍ സ്റ്റംപിന്‍റെ ലൈനില്‍ തന്നെ പന്തെറിഞ്ഞുകൊണ്ടിരുന്നു. എന്‍സിഎയില്‍ 10-12 മണിക്കൂറുകള്‍ ഓരോ ദിനവും പന്തെറിഞ്ഞിരുന്നു. അത് നാഗ്‌പൂരില്‍ വളരെ സഹായകമായി. ടെസ്റ്റ് മത്സരമാണ് വരാനിരിക്കുന്നത്, ദൈര്‍ഘ്യമേറിയ സ്‌പെല്ലുകള്‍ എറിയേണ്ടിവരും എന്നറിയാമായിരുന്നു. അതിനായാണ് തയ്യാറെടുത്തത്' എന്നുമാണ് ആദ്യ ദിനത്തെ മത്സര ശേഷം ജഡേജയുടെ വാക്കുകള്‍.
2022 സെപ്റ്റംബറില്‍ രവീന്ദ്ര ജഡേജയുടെ കാല്‍മുട്ടില്‍ ശസ്‌ത്രക്രിയ കഴിഞ്ഞിരുന്നു. ഇതിന് ശേഷം എന്‍സിഎയില്‍ പരിശീലനം നടത്തിയ താരം രഞ്ജി ട്രോഫിയില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഒന്നും രണ്ടാം ഇന്നിംഗ്‌സില്‍ ഏഴും വിക്കറ്റ് വീഴ്‌ത്തി വരവറിയിച്ചു. ഇപ്പോള്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലൂടെയുള്ള രാജ്യാന്തര മടങ്ങിവരവിലും ജഡേജ വിസ്‌മയിപ്പിച്ചിരിക്കുകയാണ്. നാഗ്‌പൂരില്‍ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 63.5 ഓവറില്‍ 22 ഓവറും എറിഞ്ഞ ജഡേജ 47 മാത്രം റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് കരസ്ഥമാക്കിയത്. വമ്പന്‍മാരായ മാര്‍നസ് ലബുഷെയ്‌നെയും സ്റ്റീവ് സ്‌മിത്തിനേയും കൂടാതെ മാറ്റ് റെന്‍ഷോ, പീറ്റന്‍ ഹാന്‍ഡ്‌സ്കോമ്പ്, ടോഡ് മര്‍ഫി എന്നിവരെയും ജഡ്ഡു പുറത്താക്കി.