ശസ്‌ത്രക്രിയ, പിന്നാലെ രഞ്ജിയില്‍ ഏഴ് വിക്കറ്റ് നേട്ടം, ഓസീസിനെതിരെ അഞ്ച്; നിങ്ങള്‍ എന്തൊരു മാസാണ് ജഡ്ഡു!

By Web TeamFirst Published Feb 9, 2023, 3:15 PM IST
Highlights

പരിക്കിനോട് പടവെട്ടിയുള്ള ജഡ്ഡുവിന്‍റെ മാസ് തിരിച്ചുവരവിന്‍റെ നാള്‍വഴികള്‍ പരിശോധിക്കാം

നാഗ്‌പൂര്‍: ഫിറ്റ്‌നസിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും കാറ്റില്‍പ്പറത്തിയ ബൗളിംഗ്. പരിക്കിന് ശേഷമുള്ള നീണ്ട ഇടവേള കഴിഞ്ഞ് സ്റ്റാര്‍ ലുക്കില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തിരിച്ചെത്തിയിരിക്കുകയാണ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായാണ് ജഡ്ഡുവിന്‍റെ തിരിച്ചുവരവ്. രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള ജഡേജയുടെ തിരിച്ചുവരവിനെ പ്രശംസിക്കുകയാണ് ആരാധകര്‍. പരിക്കിനോട് പടവെട്ടിയുള്ള ജഡ്ഡുവിന്‍റെ മാസ് തിരിച്ചുവരവിന്‍റെ നാള്‍വഴികള്‍ പരിശോധിക്കാം. 

രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ നാഗ്‌പൂര്‍ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയ 63.5 ഓവറില്‍ 177 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്കായി ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് പുറമെ രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും നേടി. പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ലബുഷെയ്‌ന്‍-സ്‌മിത്ത് മൂന്നാം വിക്കറ്റ് പൊളിച്ചാണ് ജഡേജ തുടങ്ങിയത്. 123 പന്തില്‍ 49 റണ്‍സെടുത്ത ലബുഷെയ്‌നെ പുറത്താക്കിയ ജഡ്ഡു പിന്നാലെ സ്റ്റീവ് സ്‌മിത്തിനേയും(107 പന്തില്‍ 37) മടക്കി. പിന്നാലെ റെന്‍ഷോയേ ഗോള്‍ഡന്‍ ഡക്കാക്കിയപ്പോള്‍ ഓസീസിനായി പ്രതിരോധം കാഴ്‌ചവെച്ച പീറ്റന്‍ ഹാന്‍ഡ്‌സ്‌കോമ്പ്(84 പന്തില്‍ 31), വാലറ്റക്കാരന്‍ സ്‌പിന്നര്‍ ടോഡ് മര്‍ഫി(5 പന്തില്‍ 0) എന്നിവരേയും പുറത്താക്കി ജഡേജ അഞ്ച് വിക്കറ്റ് നേട്ടം തികയ്ക്കുകയായിരുന്നു. 

2022 സെപ്റ്റംബറില്‍ കാല്‍മുട്ടിന് ശസ്‌ത്രക്രിയ കഴിഞ്ഞ രവീന്ദ്ര ജഡേജ നിരവധി ഫിറ്റ്‌നസ് പരീക്ഷകള്‍ കടന്നാണ് ഓസീസിനെതിരായ സ്‌ക്വാഡില്‍ സ്ഥാനമുറപ്പിച്ചത്. ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിന് മുമ്പ് രഞ്ജി ട്രോഫി കളിച്ച് മികവ് കാട്ടാന്‍ സെലക്‌ടര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ജഡ്ഡു ആദ്യ ഇന്നിംഗ്‌സില്‍ ഒന്നും രണ്ടാം ഇന്നിംഗ്‌സില്‍ ഏഴും വിക്കറ്റ് വീഴ്‌ത്തി. പിന്നാലെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെത്തി ഫിറ്റ്‌നസ് ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചു. ഇതിന് ശേഷം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലൂടെയുള്ള രാജ്യാന്തര മടങ്ങിവരവിലും ജഡേജ വിസ്‌മയിപ്പിച്ചിരിക്കുകയാണ്. ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 63.5 ഓവറില്‍ 22 ഓവറും എറിഞ്ഞ ജഡേജ 47 മാത്രം റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് കരസ്ഥമാക്കിയത്. 

ജഡേജ മടക്കിയത് സ്മിത്തും ലബുഷെയ്‌നുമടക്കം അഞ്ച് പേരെ! തിരിച്ചുവരവ് കൊട്ടിഘോഷിച്ച് ക്രിക്കറ്റ് ലോകം

click me!