
ദില്ലി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് നാളെ ദില്ലിയില്‍ തുടക്കമാവുകയാണ്. മത്സരത്തിന്‍റെ തലേന്ന് പോലും പ്ലേയിംഗ് ഇലവനെ ഉറപ്പിക്കാനാവാതെ ഉഴലുകയാണ് പാറ്റ് കമ്മിന്‍സിന്‍റെ ഓസീസ്. രണ്ട് താരങ്ങളുടെ തിരിച്ചുവരവിന്‍റെ കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പങ്ങള്‍ തുടരുന്നു എന്നാണ് കമ്മിന്‍സ് നല്‍കുന്ന സൂചന.
പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ദില്ലിയിലും കളിക്കുന്ന കാര്യം സംശയമാണ് എന്നാണ് കമ്മിന്‍സ് നല്‍കുന്ന സൂചന. 'സ്റ്റാര്‍ക്കും ഗ്രീനും ഇന്നലെ മികച്ച നിലയില്‍ പരിശീലനം നടത്തി. എന്നാല്‍ ഇരുവരുടേയും കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണം. ബാറ്റര്‍മാര്‍ ഫോമിലെത്തായാലും ഗ്രീനിനെ പോലുള്ള താരം കൂടെയുണ്ടെങ്കിലും നാല് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി കളിക്കാനിറങ്ങുന്നത് ഓക്കെയാണ്' എന്നുമാണ് കമ്മിന്‍സിന്‍റെ വാക്കുകള്‍. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സ്ഥാനം നിലനിര്‍ത്തും എന്ന സൂചനയാണ് കമ്മിന്‍സ് നല്‍കുന്നത്. 'ട്രാവിസ് ഹെഡ് മികച്ച താരമാണ്. കഠിന പരിശ്രമം നടത്തുന്നുണ്ട്. ആദ്യ ടെസ്റ്റിലുണ്ടായിരുന്നതിനാല്‍ വാര്‍ണറുടെ പേര് ചര്‍ച്ചകളുടെ ഭാഗമാണ്' എന്നും പാറ്റ് വ്യക്തമാക്കി.
മൂന്നാമതൊരു സ്‌പിന്നറെ ദില്ലിയില്‍ കളിപ്പിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു. നാഗ്‌പൂരില്‍ സീനിയര്‍ സ്പിന്നര്‍ നേഥന്‍ ലിയോണിനൊപ്പം അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫിയാണ് കളിച്ചത്. മത്സരത്തില്‍ മര്‍ഫി ഏഴ് വിക്കറ്റുമായി തിളങ്ങിയിരുന്നു. 'ദില്ലിയിലെ പിച്ചിനെ കുറിച്ച് വ്യക്തമായി അറിയില്ല, എങ്കിലും പന്ത് ടേണ്‍ ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും ഓസീസ് നായകന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡിലെത്തിയ സ്‌പിന്നര്‍ മാറ്റ് കുനെമാനിനെ ദില്ലിയില്‍ കളിപ്പിക്കുമോ എന്നത് ആകാംക്ഷയാണ്. ദില്ലിയില്‍ നാളെ രാവിലെ ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് പരാജമായ മാറ്റ് റെന്‍ഷോ, പീറ്റര്‍ ഹാന്‍ഡ്‌സ്കോമ്പ് എന്നിവരിലൊരാള്‍ക്ക് പകരം ട്രാവിഡ‍് ഹെഡിനെ ഉള്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഓസീസ് ടെസ്റ്റ് സ്‌ക്വാഡ‍്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്റ്റീവ് സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍), ആഷ്‌ടണ്‍ അഗര്‍, കാമറൂണ്‍ ഗ്രീന്‍, സ്‌കോട്ട് ബോളണ്ട്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ഉസ്‌മാന്‍ ഖവാജ, ട്രാവിഡ് ഹെഡ്, ലാന്‍സ് മോറിസ്, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍, മാത്യൂ റെന്‍ഷോ, മാറ്റ് കുനെമാന്‍.
'റണ്‍സിനേക്കാളേറെ ബോഡി ഗാര്‍ഡ്‌സ്'; വാര്‍ണറുടെ സുരക്ഷ കണ്ട് അമ്പരന്ന് ആരാധകര്‍, ചിത്രത്തിന് ട്രോള്‍