ഫോമിലല്ലാത്തതിനാല്‍ ദില്ലി ടെസ്റ്റില്‍ കളിക്കുമോ എന്ന് ഉറപ്പില്ലാത്ത ഓസ്ട്രേലിയന്‍ താരമാണ് ഡേവിഡ് വാര്‍ണര്‍

ദില്ലി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനായി ടീം ഇന്ത്യയും ഓസ്ട്രേലിയന്‍ ടീമും മത്സര വേദിയായ ദില്ലിയില്‍ എത്തിക്കഴിഞ്ഞു. ദില്ലി വിമാനത്താവളത്തില്‍ കനത്ത സുരക്ഷയും രാജകീയ സ്വീകരണവുമാണ് ടീമുകള്‍ക്ക് ഒരുക്കിയത്. ഇതില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കുള്ള സുരക്ഷ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. വാര്‍ണര്‍ക്ക് ഇത്രയേറെ സുരക്ഷയോ എന്ന് കണ്ണുതള്ളി ചോദിക്കുകയാണ് ആരാധകര്‍. 

ഫോമിലല്ലാത്തതിനാല്‍ ദില്ലി ടെസ്റ്റില്‍ കളിക്കുമോ എന്ന് ഉറപ്പില്ലാത്ത ഓസ്ട്രേലിയന്‍ താരമാണ് ഡേവിഡ് വാര്‍ണര്‍. എങ്കിലും വലിയ ആരാധക പിന്തുണ ഇന്ത്യയിലുള്ള താരമായതിനാല്‍ ദില്ലി വിമാനത്താവളത്തില്‍ വാര്‍ണര്‍ അടക്കമുള്ള ഓസീസ് താരങ്ങള്‍ക്ക് ശക്തമായ സുരക്ഷ ഉറപ്പാക്കുകയായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാസേനയ്ക്ക് നടുവിലൂടെ വാര്‍ണര്‍ പുറത്തേക്ക് വരുന്നതിന്‍റെ ചിത്രം വൈറലായി. ഈ ചിത്രം വാര്‍ണര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വലിയ ചര്‍ച്ചയാണ് ചിത്രത്തിന് താഴെ നടക്കുന്നത്. വാര്‍ണര്‍ക്ക് മാത്രമാണോ, അതോ ഓസീസ് താരങ്ങള്‍ക്കെല്ലാം ഇത്ര സുരക്ഷ ഒരുക്കിയിരുന്നോ എന്ന് കൗതുകത്തോടെ ചോദിക്കുകയാണ് ആരാധകരില്‍ ചിലര്‍. റണ്‍സിനേക്കാളേറെ ബോഡി ഗാര്‍ഡ്‌സ് വാര്‍ണര്‍ക്കുണ്ട് എന്ന് പരിഹസിക്കുന്നവരെയും കാണാം. വിമാനത്താവളത്തില്‍ വച്ച് സുരക്ഷ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സെല്‍ഫി എടുക്കുകയും ചെയ്‌തു താരം. എന്തായാലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിദേശ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് വാര്‍ണര്‍ എന്ന് നിസംശയം പറയാം.

View post on Instagram
Scroll to load tweet…

ദില്ലിയില്‍ വെള്ളിയാഴ്‌ചയാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തുന്നതോടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുറപ്പാണ്. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. ഓപ്പണിംഗില്‍ വാര്‍ണര്‍ക്ക് പകരം ട്രാവിഡ് ഹെഡ‍് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിനും 132 റണ്‍സിനും വിജയിച്ച ടീം ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. 

ഓസീസ് ടെസ്റ്റ് സ്‌ക്വാഡ‍്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്റ്റീവ് സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍), ആഷ്‌ടണ്‍ അഗര്‍, കാമറൂണ്‍ ഗ്രീന്‍, സ്‌കോട്ട് ബോളണ്ട്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ഉസ്‌മാന്‍ ഖവാജ, ട്രാവിഡ് ഹെഡ്, ലാന്‍സ് മോറിസ്, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍, മാത്യൂ റെന്‍ഷോ, മാറ്റ് കുനെമാന്‍. 

ഓസീസിനെ ദില്ലിയിലും വെള്ളംകുടിപ്പിക്കാന്‍ ടീം ഇന്ത്യ; ആരുടെ കസേരയിളകും? സാധ്യതാ ഇലവന്‍