
ഇന്‍ഡോർ: ബോർഡർ-ഗാവസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ സ്‍പിന്‍ ആക്രമണത്തിന് മുന്നില്‍ പകച്ചുപോയിരിക്കുകയാണ് ടീം ഇന്ത്യ. വീണ 20ല്‍ 18 വിക്കറ്റുകളും സ്‍പിന്നർമാർക്കാണ് കിട്ടിയത്. ഇതോടെ ടീം ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 109നും രണ്ടാം ഇന്നിംഗ്സില്‍ 163 റണ്‍സിനും പുറത്തായി. ഇതോടെ രണ്ട് നാണക്കേട് ടീം ഇന്ത്യയെ തേടിയെത്തി. 1978ന് ശേഷം രണ്ടാം തവണ മാത്രമാണ് ടെസ്റ്റിലെ രണ്ടിംഗ്സിലും 200ല്‍ താഴെ സ്കോറില്‍ ഇന്ത്യ പുറത്താവുന്നത്. രണ്ട് ഇന്നിംഗ്സിലും ഓള്‍ഔട്ടായ ടെസ്റ്റുകളില്‍ രണ്ടാമത്തെ ഏറ്റവും കുറവ് ഓവറുകള്‍(93.5) നേരിട്ടതിന്‍റെ മോശം നാണക്കേടും ഇന്‍ഡോറില്‍ രോഹിത് ശർമ്മയുടെയും സംഘത്തിന്‍റേയും പേരിലായി.
ഇന്‍ഡോറിലെ ആദ്യ ഇന്നിംഗ്സില്‍ 33.2 ഓവറില്‍ വെറും 109 റണ്‍സില്‍ ഇന്ത്യ പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ സ്പിന്നർ മാത്യു കുനെമാനും മൂന്ന് വിക്കറ്റ് വീതവുമായി വലംകൈയന്‍മാരായ നേഥന്‍ ലിയോണും ടോഡ് മർഫിയുമാണ് ഇന്ത്യയെ തകർത്തത്. ഇന്ത്യന്‍ നിരയില്‍ രോഹിത് ശർമ്മ(12), ശുഭ്മാന്‍ ഗില്‍(21), വിരാട് കോലി(22), ശ്രീകർ ഭരത്(17), അക്സർ പട്ടേല്‍(12*) എന്നിങ്ങനെയായിരുന്നു രണ്ടക്കം കണ്ടവരുടെ സ്കോറുകള്‍. മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയ 76.3 ഓവറില്‍ 197 റണ്‍സെടുത്തതോടെ ഇന്ത്യ 88 റണ്‍സിന്‍റെ ലീഡ് വഴങ്ങി.
രണ്ടാം ഇന്നിംഗ്സില്‍ ഒരറ്റത്ത് ചേതേശ്വർ പൂജാര മാത്രം പൊരുതിയപ്പോള്‍ നേഥന്‍ ലിയോണിന്‍റെ എട്ട് വിക്കറ്റ് പ്രകടനം ഇന്ത്യയെ തരിപ്പണമാക്കുകയായിരുന്നു. ലിയോണ്‍ 2.3 ഓവറില്‍ 64 റണ്ണിന് എട്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 60.3 ഓവറില്‍ 163ല്‍ അവസാനിച്ചു. മിച്ചല്‍ സ്റ്റാർക്കും മാത്യു കുനെമാനും ഓരോ വിക്കറ്റ് വീഴ്ത്തി. പൂജാര 142 പന്തില്‍ 59 റണ്‍സ് നേടി. രോഹിത് ശർമ്മ(12), വിരാട് കോലി(13), ശ്രേയസ് അയ്യർ(26), രവിചന്ദ്രന്‍ അശ്വിന്‍(16), അക്സർ പട്ടേല്‍(15*) എന്നിങ്ങനെയായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ രണ്ടക്കം കണ്ട താരങ്ങള്‍.
ഇന്‍ഡോറിലെ എട്ട് വിക്കറ്റ് പ്രകടനം; റെക്കോർഡുകള്‍ വാരിക്കൂട്ടി നേഥന്‍ ലിയോണ്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!