ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരവുമായി ലിയോണ്‍. ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെയാണ് പിന്നിലാക്കിയത്.

ഇന്‍ഡോർ: ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ സ്വന്തം മണ്ണിലെ പിച്ചില്‍ ടീം ഇന്ത്യ ഇങ്ങനെയൊരു ബാറ്റിംഗ് ദുരന്തം ദുസ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല. അത്തരമൊരു അവിശ്വനീയ ബൗളിംഗ് പ്രകടനമാണ് ഇന്‍ഡോർ ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ ഓസീസിനായി സ്പിന്നർ നേഥന്‍ ലിയോണ്‍ പുറത്തെടുത്തത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ 23.3 ഓവറില്‍ 68 റണ്‍സിനായിരുന്നു ലിയോണിന്‍റെ എട്ട് വിക്കറ്റ് പ്രകടനം. ഇതോടെ ഇന്ത്യയില്‍ ഒരു ഇന്നിംഗ്സില്‍ വിദേശ ബൗളറുടെ ഏറ്റവും മികച്ച നാലാമത്തെ ബൗളിംഗ് പ്രകടനം എന്ന നേട്ടത്തിലെത്തി നേഥന്‍ ലിയോണ്‍. മുംബൈയില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് സ്പിന്നർ അജാസ് പട്ടേല്‍ ഒരു ഇന്നിംഗ്സില്‍ 119 റണ്‍സിന് 10 വിക്കറ്റും വീഴ്ത്തിയതാണ് പട്ടികയില്‍ ഒന്നാമത്. 

ഇതാദ്യമായല്ല ഇന്ത്യയില്‍ നേഥന്‍ ലിയോണ്‍ ടെസ്റ്റിലെ ഇന്നിംഗ്സില്‍ 8 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 2016/17 സീസണില്‍ ബെംഗളൂരുവില്‍ 50 റണ്‍സിന് താരം എട്ട് ഇന്ത്യന്‍ ബാറ്റർമാരെ മടക്കിയിരുന്നു. ഇതാണ് ഇന്ത്യയില്‍ അജാസ് പട്ടേലിന് പിന്നില്‍ ഒരു വിദേശ ബൗളറുടെ മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനം. 1996/97 സീസണില്‍ ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസനർ കൊല്‍ക്കത്തയില്‍ 64 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്‍ത്തിയതാണ് മൂന്നാം സ്ഥാനത്ത്. ഇതിന് ശേഷമുള്ള ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ലിയോണ്‍ ഇന്ന് പുറത്തെടുത്തത്. ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരവുമായി ലിയോണ്‍. ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെയാണ് പിന്നിലാക്കിയത്. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടങ്ങളില്‍ റിച്ചാ ബെനൗഡിന്‍റെ(5) നേട്ടത്തിനൊപ്പമെത്തി ലിയോണ്‍ എന്ന പ്രത്യേകതയുമുണ്ട്. 

മുന്നില്‍ അജാസ് പട്ടേല്‍ തന്നെ...

2021 ഡിസംബറില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മുംബൈയില്‍ നടന്ന രണ്ടാം മത്സരത്തിലാണ് ഇന്നിംഗ്സിലെ പത്തില്‍ 10 വിക്കറ്റും വീഴ്ത്തി കിവീസ് സ്പിന്നറായ അജാസ് പട്ടേല്‍ ചരിത്ര നേട്ടം കുറിച്ചത്. ജിം ലേക്കര്‍ക്കും അനില്‍ കുംബ്ലെക്കും ശേഷം പെർഫെക്ട് 10 നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ഇതിലൂടെ അജാസ് സ്വന്തമാക്കിയിരുന്നു. 47.5 ഓവറില്‍ 119 റണ്‍സ് വഴങ്ങിയാണ് അജാസ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലെ 10 വിക്കറ്റും വീഴ്ത്തിയത്. അന്ന് രണ്ട് ഇന്നിംഗ്സുകളിലുമായി അജാസ് 14 പേരെ മടക്കിയിരുന്നു. 2021 ഡിസംബറില്‍ ആകെ കളിച്ച ഒരേയൊരു ടെസ്റ്റില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയ അജാസ് 2021ലെ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് മുംബൈയില്‍ ഇന്ത്യക്കെതിരെ പുറത്തെടുത്തത്. 

ലിയോണിന് എട്ട് വിക്കറ്റ്! പൂജാര മാത്രം പൊരുതി, ഓസീസിന് 76 റണ്‍സ് വിജയലക്ഷ്യം