ഇന്ത്യന്‍ പരിശീലകസംഘത്തില്‍ ഒരാള്‍ തുടരും?

By Web TeamFirst Published Jul 26, 2019, 3:56 PM IST
Highlights

ബൗളിംഗ് പരിശീലകനായി ഭരത് അരുണ്‍ തുടരാനുളള സാധ്യതയേറുന്നതായി റിപ്പോര്‍ട്ട് 
 

മുംബൈ: ടീം ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി ഭരത് അരുണ്‍ തുടരാനുളള സാധ്യതയേറുന്നു. ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതാണ് ഭരത് അരുണിന് തുണയാവുന്നത്. ഇതേസമയം ഫീല്‍ഡിംഗ് പരിശീലകസ്ഥാനത്തേക്ക് ആര്‍ ശ്രീധര്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. മധ്യനിരയിലെ പ്രശ്നങ്ങളില്‍ ഉഴലുന്ന ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബാംഗറിന് സ്ഥാനം നിലനിര്‍ത്തുക എളുപ്പമാകില്ല. 

'കഴിഞ്ഞ 18- 20 മാസങ്ങളായി ഭരത് അരുണ്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഗംഭീരമാണ്. ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിംഗ് സംഘമാണ് ഇന്ത്യയുടേത്. മികച്ച ഫോമില്‍ മുഹമ്മദ് ഷമി തിരിച്ചെത്തിയതും ബൂമ്രയുടെ സ്ഥിരതയും ഭരത് അരുണിന്‍റെ നേട്ടങ്ങളില്‍ ചിലതാണ്. അതിനാല്‍ ഭഗത് അരുണിന് പകരക്കാരനെ നിയമിക്കുക ശ്രമകരമായിരിക്കുമെന്ന്' ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലകസംഘത്തിന് വിന്‍ഡീസ് പര്യടനം അവസാനിക്കും വരെയാണ് കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. ആഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ പുതിയ പരിശീലകസംഘത്തിന് കീഴിലാണ് ഇന്ത്യ കളിക്കുക. 

ഇതിഹാസ താരം കപില്‍ ദേവ് അധ്യക്ഷനായ ഉപദേശകസമിതിയാണ് പുതിയ പരിശീലകരെ തെരഞ്ഞെടുക്കുക. കപില്‍ ദേവിനെ കൂടാതെ ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ് എന്നിവരാണ് ബിസിസിഐ ഇടക്കാല ഭരണസമിതി ചുമതലപ്പെടുത്തിയ പാനലിലുള്ളത്. സച്ചിനും ഗാംഗുലിയും ലക്ഷ്‌മണും അടങ്ങുന്ന സമിതിയാണ് അനില്‍ കുംബ്ലെയെയും രവി ശാസ്ത്രിയെയും ഇന്ത്യന്‍ പരിശീലകരായി തെരഞ്ഞെടുത്തത്. 

click me!