ഗെയ്‌ലിനെ മറികടന്ന് ചരിത്രനേട്ടം സ്വന്തമാക്കാന്‍ ഭുവനേശ്വര്‍ കുമാര്‍

By Web TeamFirst Published Aug 14, 2019, 1:03 PM IST
Highlights

നിലവില്‍ ആറ് കളികളില്‍ 15 വിക്കറ്റാണ് പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഭുവിയുടെ പേരിലുള്ളത്. 20 മത്സരങ്ങളില്‍ 15 വിക്കറ്റുമായി ക്രിസ് ഗെയ്‌ലും, എട്ടു കളികളില്‍ 15 വിക്കറ്റെടുത്തിട്ടുള്ള മെര്‍വിന്‍ ഡില്ലനുമാണ് ഭുവിക്കൊപ്പം ഇപ്പോള്‍ ഉള്ളത്.

പോര്‍ട്ട് ഓഫ് സ്പെയിന്‍: ബാറ്റിംഗിന്റെ കാര്യത്തില്‍ യൂണിവേഴ്സല്‍ ഹീറോ ആയ ക്രിസ് ഗെയ്‌ലിനെ ഇന്ത്യന്‍ പേസ് ബൗളറായ ഭുവനേശ്വര്‍ കുമാര്‍ മറികടക്കുകയോ എന്ന് ചിന്തിക്കാന്‍ വരട്ടെ. ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങുമ്പോള്‍ അത്തരമൊരു അപൂര്‍വതയ്ക്ക് പോര്‍ട്ട് ഓഫ് സ്പെയിന്‍ സാക്ഷ്യം വഹിച്ചേക്കും. ഇന്ന് ഒരു വിക്കറ്റ് കൂടി സ്വന്തമാക്കിയാല്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ എന്ന നേട്ടത്തില്‍ ഭുവി, ഗെയ്‌ലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തും.

നിലവില്‍ ആറ് കളികളില്‍ 15 വിക്കറ്റാണ് പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഭുവിയുടെ പേരിലുള്ളത്. 20 മത്സരങ്ങളില്‍ 15 വിക്കറ്റുമായി ക്രിസ് ഗെയ്‌ലും, എട്ടു കളികളില്‍ 15 വിക്കറ്റെടുത്തിട്ടുള്ള മെര്‍വിന്‍ ഡില്ലനുമാണ് ഭുവിക്കൊപ്പം ഇപ്പോള്‍ ഉള്ളത്. 21 കളികളില്‍ നിന്ന് 24 വിക്കറ്റെടുത്തിട്ടുള്ള വിന്‍ഡീസ് പേസ് ഇതിഹാസം കര്‍ട്‌ലി ആംബ്രോസാണ് പോര്‍ട്ട് ഓഫ് സ്പെയിനിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ഇവിടെ നടന്ന രണ്ടാം ഏകദിനത്തില്‍ നാലു വിക്കറ്റുമായി ഭുവി ബൗളിംഗില്‍ ഇന്ത്യക്കായി തിളങ്ങിയിരുന്നു. ഇന്ന് ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഈ ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറെന്ന നേട്ടത്തിന് പുറമെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത വിന്‍ഡീസുകരനല്ലാത്ത ബൗളറെന്ന ചരിത്രനേട്ടവും ഭുവിക്ക് സ്വന്തമാവും.

click me!