ശ്രേയസ് അയ്യരുടെ പരിക്ക്; കെകെആര്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത

By Web TeamFirst Published Mar 23, 2023, 8:01 PM IST
Highlights

എന്നാല്‍ കൊൽക്കത്ത നായകന് എന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്താനാവുമെന്ന് ഇപ്പോൾ വ്യക്തതയില്ല

കൊല്‍ക്കത്ത: പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ഐപിഎൽ പൂര്‍ണമായി നഷ്‌ടമായേക്കില്ല. സീസണിലെ രണ്ടാംഘട്ടത്തിൽ ടീമിനൊപ്പം ചേരാമെന്ന പ്രതീക്ഷയിലാണിപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ. അഹമ്മദാബാദ് ടെസ്റ്റിനിടെ പുറംവേദന കാരണം പിന്മാറിയ ശ്രേയസ് അയ്യർക്ക് ഐപിഎൽ സീസൺ മുഴുവൻ നഷ്ടമാവുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകൾ. ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇപ്പോള്‍ ശസ്ത്രക്രിയ ചെയ്യാതെ വിശ്രമത്തിലൂടെയും മറ്റ് ചികിത്സയിലൂടെയും അസുഖം മാറ്റാനാണ് ശ്രേയസിന്‍റെ തീരുമാനം. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലായിരിക്കും ശ്രേയസിന്‍റെ വിശ്രമവും ചികിത്സയും. 

കൊൽക്കത്ത നായകന് എന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്താനാവുമെന്ന് ഇപ്പോൾ വ്യക്തതയില്ല. ഇതുകൊണ്ടുതന്നെ ശ്രേയസ് തിരിച്ചെത്തും വരെ കൊൽക്കത്തയ്ക്ക് പുതിയ നായകനെ കണ്ടെത്തേണ്ടി വരും. എല്ലാ മത്സരത്തിലും അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പുള്ള പരിചയസമ്പന്നരായ കളിക്കാര്‍ അധികമില്ലാത്തതാണ് കെകെആറിന് തലവേദന. ബംഗ്ലാദേശ് ഓൾറൗണ്ടര്‍ ഷാക്കിബ് അൽ ഹസനും ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയുമാണ് അന്താരാഷ്ട്ര ടീമുകളെ നയിച്ചിട്ടുള്ള കെകെആര്‍ താരങ്ങള്‍. എന്നാൽ ഇരുവരും എല്ലാ കളിയിലും ടീമിലുണ്ടാകണമെന്നില്ല. അബുദാബി നൈറ്റ് റൈഡേഴ്സ് ടീമിന്റെ നായകനും ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള വിന്‍ഡീസ് സ്പിന്നറുമായ സുനിൽ നരെയ്നാണ് സാധ്യതാപട്ടികയിൽ മുന്നിലുള്ള മറ്റൊരാൾ. എന്നാൽ ഇന്‍റര്‍നാഷണൽ ലീഗ് ട്വന്‍റി 20യിൽ നരെയ്ന്‍ നയിച്ച അബുദാബി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഇന്ത്യൻ താരങ്ങളിൽ നിധീഷ് റാണയ്ക്കാണ് സാധ്യത. സയദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ നിധീഷിന്റെ ക്യാപ്റ്റൻസിയിൽ ഡൽഹി 12 കളിയിൽ എട്ടിലും ജയിച്ചിരുന്നു. അടുത്ത മാസം ഒന്നിന് മൊഹാലിയിൽ പഞ്ചാബ് കിംഗ്സിന് എതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം. ജൂണിന് മുൻപ് ശ്രേയസ് ആരോഗ്യം വീണ്ടെടുത്തില്ലെങ്കിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യക്കും തിരിച്ചടിയാവും.

നാഴികക്കല്ലുകള്‍ താണ്ടാന്‍ മെസി; 83000 കാണികൾക്ക് മുന്നില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന ഇറങ്ങുന്നു

click me!