സീനിയേഴ്‌സ് കൂട്ടത്തോടെ തിരിച്ചെത്തുന്നു, യുവാക്കളെ ഒഴിവാക്കാനും വയ്യ; ടീം സെലക്ഷനില്‍ തലപുകഞ്ഞ് രോഹിത്

By Jomit JoseFirst Published Jan 8, 2023, 3:57 PM IST
Highlights

ടി20 പരമ്പരയില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ്മയ്ക്കൊപ്പം വിരാട് കോലി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നീ വമ്പന്‍ താരങ്ങള്‍ ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് മടങ്ങിയെത്തുകയാണ്

ഗുവാഹത്തി: ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പര ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഇന്നലെ രാജ്‌കോട്ടില്‍ ട്വന്‍റി പരമ്പര ജയിച്ച താരങ്ങള്‍ക്കൊപ്പം ഏറെ സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തുന്നതോടെ ഏകദിന പരമ്പരയില്‍ വലിയ സെലക്ഷന്‍ തലവേദനയാണ് നായകന്‍ രോഹിത് ശര്‍മ്മയെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനേയും കാത്തിരിക്കുന്നത്. 

ടി20 പരമ്പരയില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ്മയ്ക്കൊപ്പം വിരാട് കോലി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നീ വമ്പന്‍ താരങ്ങള്‍ ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് മടങ്ങിയെത്തുകയാണ്. സമീപകാലത്ത് ഏകദിന ഫോര്‍മാറ്റില്‍ മികവ് കാഴ്‌ചവെച്ച ശ്രേയസ് അയ്യറിന് പുറമെ ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരും പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ ശക്തമായ വാദവുമായി രംഗത്തുണ്ട്. നാലാം നമ്പറില്‍ സ്വപ്‌ന ഫോമില്‍ കളിക്കുന്ന സൂര്യയെ ഒഴിവാക്കുക പ്രായോഗികമല്ല. രാജ്‌കോട്ടിലെ അവസാന ട്വന്‍റി 20യില്‍ സൂര്യ 51 പന്തില്‍ പുറത്താകാതെ 112 റണ്‍സ് നേടിയിരുന്നു. സൂര്യകുമാറിനെ പോലെ ശ്രേയസിനേയും പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. 2022ലെ ഫോം സ്കൈ തുടരുമ്പോള്‍ കഴിഞ്ഞ വര്‍ഷം മികച്ച ഫോമിലായിരുന്ന ശ്രേയസ് അയ്യര്‍ ഈ വര്‍ഷം ഇതുവരെ ക്രീസിലെത്തിയിട്ടില്ല. 

ക്യാപ്റ്റനൊപ്പം ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരിലാരെ ഓപ്പണറായി ഇറക്കും എന്നതും ചോദ്യചിഹ്നമാണ്. ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ വേഗമേറിയ ഇരട്ട സെഞ്ചുറി ഇഷാന്‍ നേടിയിരുന്നു. അതേസമയം ഇന്ത്യന്‍ കുപ്പായത്തില്‍ 15 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഗില്ലിന് 55 ബാറ്റിംഗ് ശരാശരിയുണ്ട്. സ്ഥിരതയാണ് പരിഗണിക്കുക എങ്കില്‍ ഗില്ലിനെ കളിപ്പിക്കാനാണ് സാധ്യത. ഇടംകൈ-വലംകൈ കോംപിനേഷനാണ് രോഹിത് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഇഷാന് നറുക്ക് വീഴും. 

ബൗളിംഗ് നിരയിലുമുണ്ട് ആശയക്കുഴപ്പങ്ങള്‍. പരിക്ക് മാറിയെത്തുന്ന പരിചയസമ്പന്നരായ ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരെ മാറ്റിനിര്‍ത്തുക പ്രായോഗികമല്ല. മുഹമ്മദ് സിറാജും ടീമിലുണ്ട്. സീനിയര്‍ താരങ്ങള്‍ക്കൊപ്പം സ്ഥാനമുറപ്പിക്കാന്‍ അര്‍ഷ്‌ദീപ് സിംഗും ഉമ്രാന്‍ മാലിക്കും മത്സര രംഗത്തുണ്ട്. സ്‌പിന്നര്‍മാരില്‍ വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരില്‍ ആരെ കളിപ്പിക്കും എന്നതും ടീം മാനേജ്‌മെന്‍റിന് തലവേദനയാണ്. 

ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്‌ദീപ് സിംഗ്, ജസ്‌പ്രീത് ബുമ്ര. 

ഇനി ലങ്കന്‍ ഏകദിന പരീക്ഷ; ശക്തമായ തിരിച്ചുവരവിന് ഒരു പട താരങ്ങള്‍, ടീം ഇന്ത്യയുടെ പദ്ധതികള്‍ ഇങ്ങനെ

click me!