ജനുവരി 9 നാളെ ഇന്ത്യന്‍ താരങ്ങള്‍ ഗുവാഹത്തിയില്‍ നെറ്റ്‌സില്‍ പങ്കെടുക്കും

ഗുവാഹത്തി: ശ്രീലങ്കയ്ക്ക് എതിരായ ട്വന്‍റി 20 പരമ്പര ജയത്തിന് പിന്നാലെ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. രോഹിത് ശര്‍മ്മയും വിരാട് കോലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഏകദിന പരമ്പരയില്‍ മടങ്ങിയെത്തുന്നു എന്നതാണ് പ്രധാന സവിശേഷത. ഏകദിന പരമ്പരയുടെ തയ്യാറെടുപ്പുകള്‍ക്കായി രോഹിത് ശര്‍മ്മയോടും സംഘത്തോടും ഗുവാഹത്തിയില്‍ ഇന്ന് എത്തണമെന്നാണ് ബിസിസിഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. രാജ്‌കോട്ടിലെ ട്വന്‍റി 20 വിജയത്തിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയടക്കമുള്ള യുവതാരങ്ങള്‍ പിന്നാലെ ഗുവാഹത്തിയിലേക്കെത്തും. ഗുവാഹത്തിയില്‍ പത്താം തിയതിയാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര ആരംഭിക്കുന്നത്. 

ജനുവരി 9 നാളെ ഇന്ത്യന്‍ താരങ്ങള്‍ ഗുവാഹത്തിയില്‍ നെറ്റ്‌സില്‍ പങ്കെടുക്കും. ബംഗ്ലാദേശിനെതിരായ ഏകദിനത്തിനിടെ വിരലിന് പരിക്കേറ്റ രോഹിത് ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. അതേസമയം കുടുംബത്തിനോടൊപ്പം സമയം ചിലവഴിക്കുകയാണ് വിരാട് കോലി. പരിക്കിനെ തുടര്‍ന്ന് മാസങ്ങളായി പുറത്തിരിക്കുന്ന പേസര്‍ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവാണ് ഏകദിന ടീമില്‍ ഏറ്റവും ശ്രദ്ധേയം. ഹൈദരാബാദില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്‍റി 20ക്കിടെയാണ് ബുമ്രക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ ട്വന്‍റി 20 ലോകകപ്പ് നഷ്ടമായ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനം കഴിഞ്ഞാണ് ഗുവാഹത്തിയിലേക്ക് വരുന്നത്. പേസര്‍ മുഹമ്മദ് ഷമിയുടെ മടങ്ങിവരവും പരമ്പരയുടെ ആകര്‍ഷണമാണ്. 

ഏകദിന ലോകകപ്പ് വരാനിരിക്കേ കെ എല്‍ രാഹുലിന് ഫോം തെളിയിക്കേണ്ടത് പരമ്പരയില്‍ അത്യാവശ്യമാണ്. ജനുവരി 12ന് കൊല്‍ക്കത്തയിലും ജനുവരി 15ന് തിരുവനന്തപുരത്തുമാണ് പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍. 

ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്‌ദീപ് സിംഗ്, ജസ്‌പ്രീത് ബുമ്ര. 

നെറ്റ്‌സില്‍ അടിപൂരവുമായി കെ എല്‍ രാഹുല്‍; വല്ലതും നടക്കുമോയെന്ന് ആരാധകര്‍- വീഡിയോ