ബിസിസിഐക്ക് കനത്ത തിരിച്ചടി, കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

Published : Jun 18, 2025, 04:09 PM IST
Kochi Tuskers

Synopsis

കൊച്ചി ടസ്കേഴ്സ് ടീമിന് 538 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന തർക്കപരിഹാര കോടതി വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. 

മുംബൈ: കൊച്ചി ആസ്ഥാനമായി ഐപിഎല്ലില്‍ കളിച്ച കൊച്ചി ടസ്കേഴ്സ് ടീമിന് 538 കോടി രൂപ ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന തര്‍ക്കപരിഹാര കോടതി വിധി ശരിവെച്ച് ബോംബെ ഹൈക്കോടതി. കരാര്‍ വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് 2011ലെ ആദ്യ സീസണുശേഷം ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിനെതിരെ കൊച്ചി ടസ്കേഴ്സ് ടീം ഉടമകൾ നൽകിയ ഹര്‍ജിയിലാണ് തര്‍ക്കപരിഹാര കോടതി 538 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. 

ഇതിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി സിംഗിള്‍ ജഡ്ജ് ആര്‍ ഐ ചാങ്‌ല തര്‍ക്കപരിഹാര കോടതി വിധി ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്. ബി.സി.സി.ഐ.യുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് വര്‍ഷം തോറുമുള്ള 156 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാത്തതിനാണ് 2011 സെപ്റ്റംബറില്‍ കൊച്ചി ടീമിനെ പുറത്താക്കിയത്.

ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും എതിര്‍പ്പ് അവഗണിച്ചായിരുന്നു പ്രസിഡ‍ന്‍റായിരുന്ന ശശാങ്ക് മനോഹർ ടസ്കേഴ്സിനെ പുറത്താക്കിയത്. ടസ്കേഴ്സിനെ ഐപിഎല്ലില്‍ കളിപ്പിച്ച് നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കണമെന്ന് ബിസിസിഐയിലെ ചിലര്‍ അഭിപ്രായപ്പെട്ടെങ്കിലും ഇത് അവഗണിച്ചായിരുന്നു ശശാങ്ക് മനോഹറിന്‍റെ തീരുമാനം.

ഇതിനെതിരെ ടസ്കേഴ്സ് ഉടമളായ റെൺദേവു കര്‍സോര്‍ഷ്യം ആര്‍ബിട്രേഷൻ കോടതിയെ സമീപിക്കുകയായിരുന്നു.നഷ്ടപരിഹാരം നല്‍കുന്നതിനെ എതിര്‍ത്ത ബിസിസിഐക്ക് വിവിധ കോടതികളില്‍ നിന്നും തിരിച്ചടിയേറ്റിരുന്നു. ഐപിഎല്‍ പ്രവേശനത്തിന് ടസ്കേഴ്സ് നല്‍കിയ 156 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതാണ് തര്‍ക്കത്തിന് കാരണമായത്. ആറ് മാസത്തിനുള്ളില്‍ പുതിയ ഗ്യാരന്‍റി നല്‍കാന്‍ ബിസിസിഐ നിര്‍ദേശിച്ചെങ്കിലും ടസ്കേഴ്സ് വിസമ്മതിച്ചു. തുടര്‍ന്ന് 2011 സെപ്റ്റംബറില്‍ ടീമിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി.

എട്ട് ടീമുകളുമായി 2008ല്‍ തുടങ്ങിയ ഐപിഎല്ലില്‍ 2011ലാണ് പുതുതായി രണ്ട് ടീമുകളെ കൂടി ലേലം ചെയ്ത് ഉള്‍പ്പെടുത്തിയത്. കൊച്ചി ടസ്കേഴ്സും പൂനെ വാരിയേഴ്സുമായിരുന്നു പുതുതായി എത്തിയ ടീമുകള്‍. പലവ്യവസായ ഗ്രൂപ്പുകള്‍ ചേര്‍ന്നതായിരുന്നു കൊച്ചി ടീമിന്‍റെ ഉടമകളായിരുന്ന റൊണ്‍ദേവു കണ്‍സോര്‍ഷ്യം. ഒരു സീസണോടെ കൊച്ചി ടീം ഐപിഎല്ലില്‍ നിന്ന് പുറത്തായപ്പോള്‍ പൂനെ വാരിയേഴ്സ് രണ്ട് സീസണ്‍ കൂടി ഐപിഎല്ലില്‍ തുടര്‍ന്നെങ്കിലും കരാര്‍ ലംഘനത്തിന്‍റെ പേരില്‍ പുറത്തായി.

ഇതോടെ 2014 മുതല്‍ ഐപിഎല്ലില്‍ വീണ്ടും എട്ട് ടീമായി. ഐപിഎല്ലില്‍ ഒരു സീസണില്‍ മാത്രം കളിച്ച ടസ്കേഴ്സ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ബ്രണ്ടന്‍ മക്കല്ലം, മഹേല ജയവര്‍ധനെ, മുത്തയ്യ മുരളീധരന്‍, എസ് ശ്രീശാന്ത്, ബ്രാഡ് ഹോഡ്ജ് എന്നിവരായിരുന്നു ടസ്കേഴ്സിന്‍റെ താരങ്ങള്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരുന്നു ടസ്കേഴ്സിന്‍റെ ഹോം ഗ്രൗണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല