ട്രിപ്പിൾ സെഞ്ചുറി അടിച്ചിട്ടും അന്ന് ടീമില്‍ നിന്ന് പുറത്താക്കിയത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, തുറന്നു പറഞ്ഞ് കരുണ്‍ നായര്‍

Published : Jun 18, 2025, 03:30 PM IST
karun nair test

Synopsis

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുൺ നായർ തന്റെ വൈകാരിക യാത്രയെക്കുറിച്ച് തുറന്നുപറയുന്നു..

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മറ്റന്നാള്‍ ലീഡ്സില്‍ തുടക്കമാകുമ്പോള്‍ ഇന്ത്യയുടെ യുവതാരങ്ങളുടെ പ്രകടനത്തിനൊപ്പം ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു താരം കൂടിയുണ്ട് ടീമില്‍. 33 കാരനായ മലയാളി താരം കരുണ്‍ നായര്‍. എട്ട് വര്‍ഷത്തിനുശേഷമുള്ള തിരിച്ചുവരവില്‍ കരുണ്‍ എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോള്‍.

2022ലാണ് തന്‍റെ ക്രിക്കറ്റ് കരിയറിന്‍റെ ഏറ്റവും വലിയ താഴ്ച കണ്ടതെന്ന് ആര്‍ അശ്വിന്‍റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കരുണ്‍ പറഞ്ഞു. വൈകാരികമായും ഏറെ വിഷമംപിടിച്ച കാലഘട്ടമായിരുന്നു അത്. ഒരുപക്ഷെ 2018ല്‍ ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായതിനെക്കാള്‍ വിഷമകരമായ സാഹചര്യം. 2016ല്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബാറ്ററായെങ്കിലും അതൊന്നും ടീമിലെ തന്‍റെ സ്ഥാനം ഉറപ്പിച്ചില്ലെന്ന് കരുണ്‍ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ ട്രിപ്പിള്‍ സെഞ്ചുറി നേടിയശേഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയിലാണ് ഞാന്‍ കളിച്ചത്. 2017ല്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു അടുത്ത പരമ്പര. എന്നാല്‍ ആ പരമ്പരക്കുള്ള ടീമില്‍ ഞാനുണ്ടായിരുന്നില്ല.അതിനുശേഷം എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എനിക്കാകെ അറിയാവുന്നത്, എന്‍റെ പേര് ആ പരമ്പരക്കുള്ള ടീമിലില്ല എന്നത് മാത്രമാണ്. അത് എന്തുകൊണ്ടായിരുന്നുവെന്ന് എനിക്കിപ്പോഴും അറിയില്ല. തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് അധികം അവസരങ്ങള്‍ കിട്ടിയില്ലെന്ന് പറയാമെങ്കിലും ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ശേഷം കളിച്ച ഓസ്ട്രേിലയക്കെതിരായ പരമ്പരയിലെ നാല് ഇന്നിംഗ്സുകളില്‍ മികച്ചൊരു ഇന്നിംഗ്സ് കളിച്ചിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന അവസ്ഥയിലാവുമായിരുന്നില്ലെന്ന് തോന്നുന്നു.

ഓസ്ട്രേലിയക്കെതിരെ കളിച്ച നാലു ഇന്നിംഗ്സുകള്‍ മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും അതൊന്നും വലിയ സ്കോറാക്കി മാറ്റാന്‍ എനിക്കായില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ഇരിക്കാന്‍ ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ലെങ്കിലും മറ്റൊരു രീതിയില്‍ ചിന്തിക്കുമ്പോള്‍ വീണ്ടും അവസരം കിട്ടിയതില്‍ ഞാന്‍ തികച്ചും സന്തുഷ്ടനാണ്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി എന്‍റെ ഈ യാത്രയില്‍ കൂടെയുള്ളവരോടെല്ലാം എനിക്ക് നന്ദിയുണ്ട്. ഓരോ നിമിഷത്തിന്‍റെയും ദിവസത്തിന്‍റെയും പ്രാധാന്യം തിരിച്ചറിഞ്ഞതും ഓരോ ദിവസവും പുതിയൊരു ദിവസമാണെന്ന കാഴ്ചപ്പാടില്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞതും ഇക്കാലയളവിലാണെന്നും കരുണ്‍ നായര്‍ പറഞ്ഞു. വെള്ളിയാഴ്ച ലീഡ്സില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ കരുണ്‍ നായര്‍ പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്