
പട്ന: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബിഹാറിന് സ്വന്തമായി ഒരു ടീം വേണമെന്ന ആവശ്യവുമായി പ്രമുഖ വ്യവസായിയും വേദാന്ത റിസോഴ്‌സസ് ചെയർമാനുമായ അനിൽ അഗർവാൾ. ബിഹാറിൽ നിരവധി ക്രിക്കറ്റ് പ്രതിഭകളുണ്ടെന്നും ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരെപ്പോലെ ബിഹാറിനും സ്വന്തമായി ഒരു ക്രിക്കറ്റ് സംസ്കാരം അർഹിക്കുന്നുണ്ടെന്നും എക്സിൽ അഗര്‍വാള്‍ പറഞ്ഞു.
ബിഹാറിൽ നിന്ന് ഉയർന്നു വന്ന ഇഷാന്‍ കിഷന്‍റെയും വൈഭവ് സൂര്യവംശിയുടെയും നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അഗര്‍വാളിന്‍റെ പോസ്റ്റ്. ചെന്നൈ സൂപ്പർ കിങ്‌സിനെയും മുംബൈ ഇന്ത്യൻസിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും പോലെ ബിഹാറിനും സ്വന്തമായി ഒരു ഐപിഎൽ ടീം അർഹതപ്പെട്ടതാണെന്ന് നിങ്ങൾ കരുതുന്നില്ലേ? ബിഹാർ രാജ്യത്തിന് മികച്ച നിരവധി ക്രിക്കറ്റ് താരങ്ങളെ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഒരു കാര്യം എന്നെ എപ്പോഴും അലട്ടുന്നു; ക്രിക്കറ്റിൽ നമ്മൾ അർഹിക്കുന്ന അംഗീകാരം എന്തുകൊണ്ടാണ് ഇതുവരെ നമ്മുടെ ബിഹാറിന് ലഭിക്കാത്തത്?" - അനിൽ അഗർവാൾ കുറിച്ചു.
ബിഹാറിൽ നിന്നുള്ള താരങ്ങൾ ഇതിനകം തന്നെ ലോക ക്രിക്കറ്റിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് അനിൽ അഗർവാൾ ചൂണ്ടിക്കാട്ടി. പട്നയിൽ ജനിച്ച ഇഷാൻ കിഷനും സമസ്തിപൂരിൽ നിന്നുള്ള വൈഭവ് സൂര്യവംശിയും ഗോപാൽഗഞ്ചിൽ നിന്നുള്ള സാഖിബ് ഹുസൈനുമെല്ലാം ഇത്തവണ ഐപിഎല്ലില്‍ ബിഹാറിന്‍റെ പ്രതിനിധികളാണ്. ബിഹാറിലെ യുവ കായികതാരങ്ങൾക്ക് കരിയർ വളർത്താൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ടി വരുന്ന സാഹചര്യം മാറണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അഗർവാൾ വ്യക്തമാക്കി.
ബിഹാറിലെ യുവാക്കൾക്ക് എല്ലാ മേഖലകളിലും തിളങ്ങാൻ പൂർണ്ണമായ അവസരങ്ങൾ ലഭിക്കണമെന്നതും, നമ്മുടെ കളിക്കാർക്ക് ബിഹാറിൽ തന്നെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും പിന്തുണയും ഉറപ്പാക്കണമെന്നതും എന്‍റെ എപ്പോഴത്തെയും വലിയ സ്വപ്നമാണ്. നമ്മുടെ കുട്ടികൾക്ക് കൃത്യമായ പ്രചോദനവും സൗകര്യങ്ങളും ലഭിച്ചാൽ ബിഹാറിൽ നിന്ന് ഉയർന്നുവരുന്ന ടീം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായി മാറുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്," അഗര്‍വാള്‍ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!