കോലിയുടെ കൈവിരലിലെ പരിക്ക്; ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് ആശങ്ക

By Web TeamFirst Published Aug 15, 2019, 8:42 PM IST
Highlights

ബാറ്റ് ചെയ്യുമ്പോള്‍ വേദന അനുഭവപ്പെട്ടെങ്കിലും വിരലിന് പൊട്ടലൊന്നും ഇല്ലെന്നും നഖത്തിന്റെ ഒരുഭാഗം അടര്‍ന്നുപോയതാണെന്നും മത്സരത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോലി വ്യക്തമാക്കി.

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് ആശങ്കയായി ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈവിരലിലെ പരിക്ക്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് കോലിയുടെ വലതുകൈയിലെ തള്ളവിരലിന് പന്തുകൊണ്ട് പരിക്കേറ്റത്. എന്നാല്‍ വിരലിന് പൊട്ടലൊന്നും ഇല്ലെന്നും ആദ്യ ടെസ്റ്റില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കോലി വ്യക്തമാക്കി.

ഓഗസ്റ്റ് 22നാണ് രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുക. ബാറ്റ് ചെയ്യുമ്പോള്‍ വേദന അനുഭവപ്പെട്ടെങ്കിലും വിരലിന് പൊട്ടലൊന്നും ഇല്ലെന്നും നഖത്തിന്റെ ഒരുഭാഗം അടര്‍ന്നുപോയതാണെന്നും മത്സരത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോലി വ്യക്തമാക്കി. പന്ത് വിരലില്‍ കൊണ്ടപ്പോള്‍ നല്ല വേദന അനുഭവപ്പെട്ടിരുന്നു. ഭാഗ്യത്തിന് വിരലില്‍ പൊട്ടലൊന്നുമില്ല. അതുകൊണ്ടുതന്നെ ആദ്യ ടെസ്റ്റില്‍ കളിക്കാനാകുമെന്നുതന്നെയാണ് കരുതുന്നത്-കോലി പറഞ്ഞു.

മഴമൂലം പലതവണ തടസപ്പെട്ട മത്സരത്തില്‍ കോലിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കിയത്. 99 പന്തില്‍ കോലി പുറത്താകാതെ 114 റണ്‍സെടുത്തു. ഏകദിന പരമ്പരയിലെ കോലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയായിരുന്നു ഇത്. രണ്ടാം മത്സരത്തില്‍ കോലി 120 റണ്‍സെടുത്തിരുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ 2-0നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നേരത്തെ ടി20 പരമ്പരയിലും ഇന്ത്യ സമ്പൂര്‍ണ വിജയം സ്വന്തമാക്കിയിരുന്നു.

click me!