ഓപ്പണറായുള്ള രോഹിത്തിന്റെ അരേങ്ങറ്റത്തിന് കാത്തിരിക്കണം; ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട നിലയില്‍

By Web TeamFirst Published Sep 27, 2019, 5:11 PM IST
Highlights

55 റണ്‍സോടെ ടെംബാ ബാവുമ ക്രീസിലുണ്ട്. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഏയ്ഡന്‍ മാര്‍ക്രം(100 റിട്ടയേര്‍ഡ് ഹര്‍ട്ട്) ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ത്രിദിന മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിട്ടുണ്ട്.

55 റണ്‍സോടെ ടെംബാ ബാവുമ ക്രീസിലുണ്ട്. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഏയ്ഡന്‍ മാര്‍ക്രം(100 റിട്ടയേര്‍ഡ് ഹര്‍ട്ട്) ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. തകര്‍ച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. ആറ് റണ്‍സ് വീതമെടുത്ത ഡീന്‍ എല്‍ഗറിനെയും ഡിബ്രുയിനെയും ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലെ നഷ്ടമായി. എല്‍ഗാറിനെ ഉമേഷ് യാദവും ഡിബ്രുയിനെ ഇഷാന്‍ പരോളുമാണ് വീഴ്ത്തിയത്.

മൂന്നാം വിക്കറ്റില്‍ സുബൈര്‍ ഹംസക്കൊപ്പം(22) മികച്ച കൂട്ടുകെട്ടുയര്‍ത്തിയ എല്‍ഗാര്‍ ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ഹംസയെയും ഫാഫ് ഡൂപ്ലെസിയെയും(9) വീഴ്ത്തി ധര്‍മേന്ദ്ര സിംഗ് ജഡേജ ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലും ബാവുമയെ കൂട്ടുപിടിച്ച് എല്‍ഗാര്‍ ദക്ഷിണാഫ്രിക്കയെ സുരക്ഷിത നിലയില്‍ എത്തിച്ചു.

കേരളത്തിന്റെ രഞ്ജി താരം ജലജ് സക്സേന ബോര്‍ഡ് പ്രസിഡന്റ് ഇലവനായി ഏഴോവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.ത്രിദിന മത്സരത്തിന്റെ ആദ്യ ദിനം മഴ മൂലം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. അവസാന ദിനമായ നാളെ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറാവാനൊരുങ്ങുന്ന രോഹിത് ശര്‍മയുടെ ബാറ്റിംഗിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

click me!