2026 ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാണ്. 

മുംബൈ: 2026 ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ യാത്ര തുടങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന്റെ ഭാവി വീണ്ടും ചോദ്യചിഹ്നമാവുകയാണ്. സന്നാഹ മത്സരങ്ങളിലെ ടീം ലൈനപ്പും സമീപകാല ഫോമും വിലയിരുത്തുമ്പോള്‍, സഞ്ജുവിനേക്കാള്‍ ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയ്ക്കും മാനേജ്മെന്റ് മുന്‍ഗണന നല്‍കുന്നതായാണ് വ്യക്തമാകുന്നത്. തിരിച്ചുവരവിന് ശേഷം മികച്ച പ്രകടനം നടത്തുന്ന ഇഷാന്‍ കിഷനും യുവതാരം അഭിഷേക് ശര്‍മ്മയും ഓപ്പണിംഗ് സ്ഥാനത്ത് തങ്ങളുടെ ഇടം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഇത് സഞ്ജുവിന്റെ അവസരങ്ങള്‍ മുകളിലെ നിരയില്‍ ഇല്ലാതാക്കി. എന്നാല്‍ പ്ലെയിംഗ് ഇലവനില്‍ സ്ഥാനമില്ല എന്നത് സഞ്ജുവിന്റെ കരിയറിന്റെ അവസാനമാണെന്ന് കരുതാനാവില്ലെന്നും, സാഹചര്യങ്ങള്‍ക്കനുസരിച്ച് തയ്യാറെടുക്കുക എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള പോംവഴിയെന്നും ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അവസരങ്ങള്‍ തേടിയെത്താം

ടീം നിലവില്‍ സെറ്റില്‍ഡ് ആണെന്ന് തോന്നുമെങ്കിലും പരിക്കോ ഫോമില്ലായ്മയോ ഏത് നിമിഷവും മാറ്റങ്ങള്‍ വരുത്താം. 2023 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി വന്ന ഷമി ടൂര്‍ണമെന്റിലെ താരമായി മാറിയത് സഞ്ജുവിന് മുന്നിലെ വലിയ ഉദാഹരണമാണ്. 2019 ആഷസില്‍ പകരക്കാരനായിറങ്ങി സ്ഥിരസാന്നിധ്യമായ ലബുഷെയ്നും സഞ്ജുവിന് പ്രചോദനമാകേണ്ടതുണ്ട്. 2024 ലോകകപ്പില്‍ കിരീടം നേടിയ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇത്തവണയും ആ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് വിദഗ്ധാഭിപ്രായം.

ദൗത്യം പൂര്‍ത്തിയായിട്ടില്ല

സൈഡ് ബെഞ്ചിലാണെങ്കിലും എപ്പോള്‍ വേണമെങ്കിലും കളത്തിലിറങ്ങാന്‍ പാകത്തില്‍ ശാരീരികമായും മാനസികമായും തയ്യാറായിരിക്കുക എന്നതാണ് പ്രധാനം. സഞ്ജുവിനെ റിസര്‍വ് താരമായി നിലനിര്‍ത്തുമ്പോഴും സന്നാഹ മത്സരങ്ങളില്‍ ബാറ്റിംഗിന് അവസരം നല്‍കാത്തതിനെ ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ വിമര്‍ശിച്ചു. പെട്ടെന്ന് ഒരു മാറ്റം വരുത്തേണ്ടി വരുമ്പോള്‍ ഫോമിലല്ലാത്ത ഒരു താരത്തെ ഇറക്കുന്നത് ടീമിന് തിരിച്ചടിയായേക്കാം. സഞ്ജുവിനെ കൃത്യമായി ഉപയോഗിക്കണോ വേണ്ടയോ എന്നതില്‍ ടീം ഇന്ത്യ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. വരാനിരിക്കുന്ന ഐപിഎല്‍ സീസണും മറ്റ് പരമ്പരകളും സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറില്‍ നിര്‍ണ്ണായകമാകും.

YouTube video player