ടീം ഇന്ത്യ ഭയക്കണം; നിഗൂഢ സ്‌പിന്നറെ ഒപ്പം കൂട്ടി ഓസീസ് ടീമിന്‍റെ പരിശീലനം, അതും ഇന്ത്യന്‍ താരം!

By Web TeamFirst Published Feb 1, 2023, 6:51 PM IST
Highlights

ഇന്ത്യന്‍ സ്‌പിന്‍ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ടീമിന്‍റെ രഹസ്യ പദ്ധതി, മറച്ചുവെച്ചിരുന്ന അക്കാര്യം പുറത്ത്

ബെംഗളൂരു: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിക്കഴിഞ്ഞു. സ്റ്റീവ് സ്‌മിത്തും മാര്‍നസ് ലബുഷെയ്‌നും പോലുള്ള സ്‌പിന്നിനെ നേരിടുന്ന മികച്ച ബാറ്റര്‍മാരുണ്ടെങ്കിലും ഓസീസിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല എന്നുറപ്പ്. 2004ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ലെന്ന നാണക്കേട് ഇക്കുറി മാറ്റേണ്ടതുണ്ട് സന്ദര്‍ശകര്‍ക്ക്. രവീന്ദ്ര ജഡേജ-അക്‌സര്‍ പട്ടേല്‍ ദ്വയത്തിന്‍റെ സ്‌പിന്‍ കെണി മറികടക്കാന്‍ നിര്‍ണായക നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് പാറ്റ് കമ്മിന്‍സും കൂട്ടരും. ജമ്മു കശ്‌മീരില്‍ നിന്നുള്ള നിഗൂഢ സ്‌പിന്നര്‍ ആബിദ് മുഷ്‌താഖിനെ ബെംഗലൂരുവിലെ ക്യാംപില്‍ ബൗള്‍ ചെയ്യാനായി ക്ഷണിച്ചിരിക്കുകയാണ് ഓസീസ് ടീം. 

ആദ്യ ടെസ്റ്റിന് മുമ്പ് അഞ്ച് ദിവസമാണ് ഓസീസ് ക്രിക്കറ്റ് ടീം ബെംഗളൂരുവില്‍ പരിശീലനം നടത്തുക. ഇന്ത്യയില്‍ ആറ് ടെസ്റ്റുകളില്‍ 39 വിക്കറ്റുള്ള അക്‌സര്‍ പട്ടേലാണ് ഓസീസിന് മുന്നിലുള്ള വലിയ സ്‌പിന്‍ ഭീഷണി. പരിക്ക് മാറി തിരിച്ചെത്തിയാല്‍ ജഡേജയും ഭീഷണിയാവും. 36 ടെസ്റ്റുകളില്‍ 172 വിക്കറ്റ് ജഡ്ഡുവിനുണ്ട്. ഇതിനാലാണ് സ്‌പിന്‍ പരീക്ഷ വിജയിക്കാന്‍ 26കാരനായ ജമ്മു ബൗളറെ ഓസീസ് ടീം കൂടെ കൂട്ടിയിരിക്കുന്നത്. ഏഴ് രഞ്ജി ട്രോഫി മത്സരങ്ങളില്‍ 32 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട് ആബിദ് മുഷ്‌താഖ്. വിദര്‍ഭയ്ക്കെതിരായ മത്സരത്തില്‍ വെറും 18 റണ്‍സിന് 8 വിക്കറ്റ് വീഴ്‌ത്തി ആബിദ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 

നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇന്നാണ് ബെംഗളൂരുവില്‍ എത്തിയത്. വിസ പ്രശ്‌നങ്ങള്‍ കാരണം സ്റ്റാര്‍ ബാറ്റര്‍ ഉസ്‌മാന്‍ ഖവാജ സ്‌ക്വാഡിനൊപ്പമില്ല. നാഗ്‌‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 9ന് ആണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുക. സ്‌പിന്നിനെ നേരിടുന്നതില്‍ കേമന്‍മാരായ സ്റ്റീവ് സ്‌മിത്തും മാര്‍നസ് ലബുഷെയ്‌നുമായിരിക്കും ടീം ഇന്ത്യക്ക് പ്രശ്‌നം സൃഷ്‌ടിക്കുക. ഇന്ത്യയിലേക്ക് വരുന്നതിന്‍റെ ചിത്രങ്ങള്‍ ഓസീസ് താരങ്ങളായ മാര്‍നസ് ലബുഷെയ്‌നും ആഷ്‌ടണ്‍ അഗറും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ദില്ലി, ധരംശാല, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മറ്റ് ടെസ്റ്റുകള്‍. 

അങ്കത്തിന് കങ്കാരുക്കള്‍ ഇന്ത്യയില്‍ എത്തി; വിസ കിട്ടാതെ കുടുങ്ങി സ്റ്റാര്‍ ബാറ്റര്‍, ഓസീസിന് ആശങ്ക

click me!