അങ്കത്തിന് കങ്കാരുക്കള്‍ ഇന്ത്യയില്‍ എത്തി; വിസ കിട്ടാതെ കുടുങ്ങി സ്റ്റാര്‍ ബാറ്റര്‍, ഓസീസിന് ആശങ്ക

By Web TeamFirst Published Feb 1, 2023, 5:51 PM IST
Highlights

ഇന്ത്യയിലേക്ക് വരുന്നതിന്‍റെ ചിത്രങ്ങള്‍ ഓസീസ് താരങ്ങളായ മാര്‍നസ് ലബുഷെയ്‌നും ആഷ്‌ടണ്‍ അഗറും പങ്കുവെച്ചിരുന്നു

ബെംഗളൂരു: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് ആവേശം പകരാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. ബെംഗളൂരുവില്‍ അഞ്ച് ദിവസം ക്യാംപ് ചെയ്‌ത ശേഷമാകും പാറ്റ് കമ്മിന്‍സും സംഘവും ആദ്യ ടെസ്റ്റിന് വേദിയാവുന്ന നാഗ്‌പൂരിലേക്ക് തിരിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഓസീസ് ടെസ്റ്റ് ക്രിക്കറ്ററായി തെര‍ഞ്ഞെടുക്കപ്പെട്ട ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ സ്‌ക്വാഡിനൊപ്പമില്ല. ഖവാജയ്ക്ക് ഇതുവരെ ഇന്ത്യന്‍ വിസ ലഭിച്ചിട്ടില്ല. നാഗ്‌‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 9ന് ആണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരം. 

ഇന്ത്യയിലേക്ക് വരുന്നതിന്‍റെ ചിത്രങ്ങള്‍ ഓസീസ് താരങ്ങളായ മാര്‍നസ് ലബുഷെയ്‌നും ആഷ്‌ടണ്‍ അഗറും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ദില്ലി, ധരംശാല, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മറ്റ് ടെസ്റ്റുകള്‍. 

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം 2004ലാണ് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിച്ചത്. 2008, 2010, 2013, 2017 വര്‍ഷങ്ങളില്‍ പരമ്പര ടീം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യന്‍ മണ്ണില്‍ കളിച്ച 14 ടെസ്റ്റ് പരമ്പരകളില്‍ നാലെണ്ണം മാത്രമാണ് കങ്കാരുക്കള്‍ക്ക് ജയിക്കാനായത്. 2017ല്‍ അവസാനം ഇന്ത്യയിലെത്തിയപ്പോള്‍ 1-2ന് ഓസീസ് തോല്‍വി വഴങ്ങി. 2018-19, 2020-21 പരമ്പരകള്‍ ജയിച്ച് ഇന്ത്യയുടെ പക്കലാണ് നിലവില്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലെത്താന്‍ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും ഏറെ നിര്‍ണായകമാണ് ഇത്തവണത്തെ പരമ്പര. പോയിന്‍റ് ടേബിളില്‍ നിലവില്‍ ഓസീസ് തലപ്പത്തും ഇന്ത്യ രണ്ടാമതുമാണ്. 

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.

നാഗ്‌പൂര്‍ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ല, സൂര്യകുമാര്‍ യാദവ് അരങ്ങേറും- റിപ്പോര്‍ട്ട്
 

click me!