'അയാള്‍ക്കെതിരെ ഭയത്തോടെ പന്തെറിയരുത്'; ബൗളര്‍മാര്‍ക്ക് ഉപദേശവുമായി വിന്‍ഡീസ് പരിശീലകന്‍

By Web TeamFirst Published Dec 4, 2019, 8:34 PM IST
Highlights

കോലിയെ പുറത്താക്കാനുള്ള ചില വഴികള്‍ താന്‍ കണ്ടെത്തിയിട്ടുണ്ടെന്നും തമാശയായി സിമണ്‍സ് പറഞ്ഞു. അതിലൊന്ന് കോലി ബാറ്റിന് പകരം സ്റ്റംപ് കൊണ്ട് ബാറ്റു ചെയ്യുക എന്നതാണ്.

ഹൈദരാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ ഭയത്തോടെ പന്തെറിയരുതെന്ന് വിന്‍ഡീസ് ബൗളര്‍മാരെ ഉപദേശിച്ച് പരിശീലകന്‍ ഫില്‍ സിമണ്‍സ്. കോലിയെ പുറത്താക്കാന്‍ അല്ലെങ്കിലെ ബുദ്ധിമുട്ടാണ്. ബൗളര്‍മാര്‍ പേടിയോടെ പന്തെറിഞ്ഞാല്‍ അത് കൂടുതല്‍ ബുദ്ധിമുട്ടാവുകയേയുള്ളൂവെന്നും സിമണ്‍സ് പറഞ്ഞു.

കോലിയെ പുറത്താക്കാനുള്ള ചില വഴികള്‍ താന്‍ കണ്ടെത്തിയിട്ടുണ്ടെന്നും തമാശയായി സിമണ്‍സ് പറഞ്ഞു. അതിലൊന്ന് കോലി ബാറ്റിന് പകരം സ്റ്റംപ് കൊണ്ട് ബാറ്റു ചെയ്യുക എന്നതാണ്. ഏകദിനങ്ങളില്‍ കളി തുടങ്ങും മുമ്പെ കോലിയോട് 100 പന്തില്‍ കൂടുതല്‍ കളിക്കില്ലെന്ന് ഒപ്പിട്ട് വാങ്ങുകയാണ് മറ്റൊന്ന്. മറ്റൊരു വഴി ഒരേസമയം രണ്ടുപേര്‍ കോലിക്കെതിരെ പന്തെറിയുക എന്നതാണ്. ഏത് തന്ത്രം ഉപയോഗിച്ചാലും കോലിയെ പുറത്താക്കാന്‍ എളുപ്പമാകില്ലെന്നും സിമണ്‍സ് പറഞ്ഞു.

നിലവിലെ ഫോമില്‍ ലോകത്തെവിടെയും ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ലെന്നും സിമണ്‍സ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ ഇന്ത്യയില്‍ കളിച്ചപ്പോള്‍ ഏതാനും മത്സരങ്ങളില്‍ ‍ഞങ്ങള്‍ മികച്ച പോരാട്ടം കാഴ്ചവെച്ചിരുന്നു. ഒരു മത്സരം ടൈയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അതിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ ഇത്തവണ രക്ഷയുള്ളൂവെന്നും സിമണ്‍സ് വ്യക്തമാക്കി.

click me!