ബോക്സിംഗ് ഡേ ടെസ്റ്റ്: ആദ്യ ദിനം രഹാനെക്ക് അവകാശപ്പെട്ടതെന്ന് റിക്കി പോണ്ടിംഗ്

By Web TeamFirst Published Dec 26, 2020, 5:17 PM IST
Highlights

ഇന്ന് ഇന്ത്യ നേടിയ ചില വിക്കറ്റുകള്‍ പ്രത്യേകിച്ച് സ്റ്റീവ് സ്മിത്തിന്‍റെയും ജോ ബേണ്‍സിന്‍റെയുമെല്ലാം, അവര്‍ കൃത്യമായ  തന്ത്രമൊരുക്കി വീഴ്ത്തിയിതാണെന്ന് വ്യക്തമായിരുന്നു. അതുപോലെ കാമറൂണ്‍ ഗ്രീനിന്‍റെ വിക്കറ്റും.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്സിംഡ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ അജിങ്ക്യാ രഹാനെ ഇന്ത്യയെ നയിച്ച രീതി അസാമാന്യമായിരുന്നുവെന്ന് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ആദ്യദിനം ഇന്ത്യ സ്വന്തമാക്കിയതിന്‍റെ ക്രെഡിറ്റ് രഹാനെക്ക് അവകാശപ്പെട്ടതാണെന്നും പോണ്ടിംഗ് പറഞ്ഞു.

രഹാനെയുടെ ബൗളിംഗ് മാറ്റങ്ങളും ഫീല്‍ഡര്‍മാരുടെ വിന്യാസവും കൃത്യമായിരുന്നു.അഡ്‌ലെയ്ഡിലെ ദയനീയ തോല്‍വിക്കുശേഷം ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും പോണ്ടിംഗ് പറഞ്ഞു. രഹാനെക്ക് കീഴില്‍ ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ടതായി തോന്നി. ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇതുവരെ നായകനെന്ന നിലയില്‍ രഹാനെയ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

കാരണം അഡ്‌ലെയ്ഡിലെ ഞെട്ടലില്‍ നിന്ന് ഇന്ത്യ എങ്ങനെയാണ് മുക്തരാവുക എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കെല്ലാം ആശങ്കയുണ്ടായിരുന്നു. ഇന്ന് ഇന്ത്യ നേടിയ ചില വിക്കറ്റുകള്‍ പ്രത്യേകിച്ച് സ്റ്റീവ് സ്മിത്തിന്‍റെയും ജോ ബേണ്‍സിന്‍റെയുമെല്ലാം, അവര്‍ കൃത്യമായ  തന്ത്രമൊരുക്കി വീഴ്ത്തിയിതാണെന്ന് വ്യക്തമായിരുന്നു. അതുപോലെ കാമറൂണ്‍ ഗ്രീനിന്‍റെ വിക്കറ്റും.

തുടര്‍ച്ചയായി ഔട്ട് സ്വിംഗറുകള്‍ എറിഞ്ഞശേഷം പെട്ടെന്നൊരു ഇന്‍സ്വിംഗര്‍ എറിഞ്ഞാണ് സിറാജ് ഗ്രീനിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ഇതെല്ലാം തെളിയിക്കുന്നത് ഇന്ത്യ കൃത്യമായ പദ്ധതികളോടെയാണ് രണ്ടാം ടെസ്റ്റിനിറങ്ങിയത് എന്നാണ്. രഹാനെക്കാണ് അതിന്‍റെ മുഴുവന്‍ ക്രെഡിറ്റും.

ഡല്‍ഹി ക്യാപിറ്റല്‍സില്‍ രഹാനെക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബുദ്ധിശാലിയായ ക്രിക്കറ്ററാണ് രഹാനെ. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം ഇന്ന് പരസ്പരം മത്സരിച്ച് പിന്തുണക്കുന്നതു കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും പോണ്ടിംഗ് പറഞ്ഞു.

click me!