സ്‌പോണ്‍സര്‍മാര്‍ വിവോ തന്നെ; ഐപിഎല്‍ ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം ആരാധകര്‍

Published : Aug 03, 2020, 12:04 PM ISTUpdated : Aug 03, 2020, 12:17 PM IST
സ്‌പോണ്‍സര്‍മാര്‍ വിവോ തന്നെ; ഐപിഎല്‍ ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം ആരാധകര്‍

Synopsis

ഐപിഎല്‍ ഭരണസമിതിയുടെ തീരുമാനം വന്നതിന് തൊട്ടുപിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍

മുംബൈ: ഐപിഎല്‍ 2020 സീസണ്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാന്‍ ഭരണസമിതി ഞായറാഴ്‌ച തീരുമാനം എടുത്തിരുന്നു. ടൂര്‍ണമെന്‍റ് വിദേശത്ത് നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ബിസിസിഐയ്‌ക്ക് ലഭിക്കുകയും ചെയ്തു. രാജ്യത്ത് ചൈന ബഹിഷ്‌കരണം ശക്തമാണെങ്കിലും പ്രധാന സ്‌പോണ്‍സര്‍മാരായി ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ തുടരും എന്നും ഭരണസമിതി തീരുമാനിച്ചിരുന്നു. 

എന്നാല്‍, ഐപിഎല്‍ ഭരണസമിതിയുടെ തീരുമാനം വന്നതിന് തൊട്ടുപിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍. ഐപിഎല്‍ ബഹിഷ്‌കരിക്കണം എന്ന ആവശ്യവുമായി സാമൂഹ്യമാധ്യമങ്ങളില്‍ ക്യാംപയിന്‍ ആരംഭിച്ച ഇക്കൂട്ടര്‍ #BoycottIPL ഹാഷ്‌ടാഗ് വൈറലാക്കുകയും ചെയ്തു. 

വിവോ ഉള്‍പ്പടെയുള്ള എല്ലാ സ്‌പോണ്‍സര്‍മാരെയും നിലനിര്‍ത്താനാണ് ഐപിഎല്‍ ഭരണസമിതി തീരുമാനിച്ചത്. ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍ എന്ന നിലയില്‍ 440 കോടി രൂപയാണ് വിവോ എല്ലാ വര്‍ഷവും ഐപിഎല്ലിന് കൈമാറുന്നത്. അഞ്ച് വര്‍ഷത്തെ ഈ കരാര്‍ 2022ലാണ് അവസാനിക്കുക. കൊവിഡ് മഹാമാരിക്കിടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ സ്‌പോണ്‍സറെ കണ്ടെത്തുക ബിസിസിഐക്ക് വെല്ലുവിളിയായിരുന്നു.  

ഐപിഎല്‍ പതിമൂന്നാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് നടക്കുക. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവയാണ് വേദികള്‍. ഫൈനല്‍ ഞായറാഴ്‌ച നടക്കാത്ത ആദ്യ സീസണ്‍ ആവും ഇത്. ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് വേദിയാവുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്ലിലെ ആദ്യഘട്ടത്തില്‍ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിരുന്നു.

ഗാല്‍വന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലിന് പിന്നാലെയാണ് രാജ്യത്ത് ചൈന ബഹിഷ്‌കരണ ക്യാംപയിന്‍ സജീവമായത്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ചൈനീസ് മൊബൈല്‍ ആപ്പുകൾ നിരോധിച്ചിരുന്നു ഇന്ത്യ. ഇതോടൊപ്പമാണ് ഐപിഎല്ലില്‍ നിന്ന് വിവോയെ ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം