കഷ്‌ടിച്ച് 250 കടന്ന് വെസ്റ്റ് ഇന്‍ഡീസ്; പ്രോട്ടീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Mar 21, 2023, 5:12 PM IST
Highlights

ഓപ്പണര്‍ കെയ്‌ല്‍ മയേര്‍സ് 22 പന്തില്‍ 14 റണ്ണുമായി ഏഴാം ഓവറില്‍ മടങ്ങുമ്പോള്‍ 39 റണ്‍സേ വിന്‍ഡ‍ീസിനുണ്ടായിരുന്നുള്ളൂ

പൊച്ചെഫെസ്ട്രൂം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ കഷ്‌ടപ്പെട്ട് 250 കടന്ന് വെസ്റ്റ് ഇന്‍ഡീസ്. ടോസ് നഷ്‌‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 48.2 ഓവറില്‍ 260 റണ്‍സില്‍ എല്ലാവരും പുറത്തായി. 72 പന്തില്‍ 72 റണ്‍സ് നേടിയ ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗാണ് ടോപ് സ്കോറര്‍. 

ഓപ്പണര്‍ കെയ്‌ല്‍ മയേര്‍സ് 22 പന്തില്‍ 14 റണ്ണുമായി ഏഴാം ഓവറില്‍ മടങ്ങുമ്പോള്‍ 39 റണ്‍സേ വിന്‍ഡ‍ീസിനുണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം ഷമ്രാന്‍ ബ്രൂക്ക്‌സ്(24 പന്തില്‍ 18), ക്യാപ്റ്റനും കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരനുമായ ഷായ് ഹോപ്(27 പന്തില്‍ 16) എന്നിവര്‍ അതിവേഗം പുറത്തായി. റോവ്‌മാന്‍ പവലിന്‍റെ ഇന്നിംഗ്‌സ് മൂന്ന് പന്തേ നീണ്ടുള്ളൂ. രണ്ട് റണ്‍സാണ് താരം നേടിയത്. വിന്‍ഡീസിന്‍റെ ആദ്യ 100ല്‍ കൂടുതല്‍ റണ്‍സും ബ്രണ്ടന്‍ കിംഗ് 72 പന്തില്‍ നേടിയ 72 റണ്‍സില്‍ നിന്നായിരുന്നു. 

ഇതിന് ശേഷം നിക്കോളസ് പുരാനും ജേസന്‍ ഹോള്‍ഡറും മാത്രമാണ് അല്‍പമെങ്കിലും പൊരുതി നോക്കിയത്. നിക്കോളാസ് 41 പന്തില്‍ 39 ഉം ഹോള്‍ഡര്‍ 43 പന്തില്‍ 36 ഉം റണ്‍സ് അടിച്ചെടുത്തു. യാന്നിക് കാരിക് 15 പന്തില്‍ ആറ് റണ്‍സില്‍ വീണു. അക്കീല്‍ ഹൊസീന്‍ 23 പന്തില്‍ 14 ഉം ഒഡീന്‍ സ്‌മിത്ത് 171 പന്തില്‍ 17 ഉം റണ്‍സുമായി പുറത്തായതോടെ വിന്‍ഡീസ് പോരാട്ടം അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്‍സനും ഫോര്‍ട്യൂനും ജെറാള്‍ഡ് കോട്‌സീയും രണ്ട് വീതവും ലുങ്കി എന്‍ഗിഡിയും ഏയ്‌ഡന്‍ മാര്‍ക്രമും വെയ്‌ന്‍ പാര്‍നലും ഓരോ വിക്കറ്റും നേടി. നേരത്തെ ആദ്യ ഏകദിനം മഴമൂലം ടോസ് പോലുമിടാതെ ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം വിന്‍ഡീസ് ഷായ് ഹോപ്പിന്‍റെ 128 റണ്‍സ് കരുത്തില്‍ 48 റണ്ണിന് വിജയിച്ചിരുന്നു. 

ഐപിഎല്ലിലെ പ്രായം കുറഞ്ഞ സെഞ്ചുറിക്കാര്‍; ആദ്യ അഞ്ചില്‍ സഞ്ജുവടക്കം രണ്ട് മലയാളികള്‍

click me!