ഫിഫ ഇടപെടുന്നു, ബ്രസീലിന് വലിയ വില കൊടുക്കേണ്ടി വരും; അര്‍ജന്റീനയ്ക്ക് മൂന്ന് പോയിന്റ് ലഭിക്കാന്‍ സാധ്യത

By Web TeamFirst Published Sep 6, 2021, 11:39 AM IST
Highlights

 മത്സരം നിയന്ത്രിച്ച റഫറിയുടേയും മാച്ച് കമ്മീഷണറുടേയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഫിഫയുടെ അച്ചടക്ക സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. 
 

ബ്യൂണസ് ഐറിസ്: ബ്രസീലീനെതിരായ മത്സരം ഉപേക്ഷിച്ചതോടെ അര്‍ജന്റീനയ്ക്ക് മൂന്ന് പോയിന്റ് ലഭിച്ചേക്കും. ഇക്കാര്യത്തില്‍ ഫിഫയാണ് അന്തിമ തീരുമാനം എടുക്കുക. മത്സരം നിയന്ത്രിച്ച റഫറിയുടേയും മാച്ച് കമ്മീഷണറുടേയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഫിഫയുടെ അച്ചടക്ക സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. 

മത്സരം വീണ്ടും നടത്താനുള്ള സാധ്യത കുറവാണ്. ഈമാസം പത്തിന് ബൊളിവിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ഇതിനായി ടീം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീലിയന്‍ ഹെല്‍ത്ത് ഒഫീഷ്യല്‍സ് കളിക്കളത്തിലേക്ക് ഇറങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്.

അര്‍ജന്റീനന്‍ താരങ്ങള്‍ ക്വാറന്റെയ്ന്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ കളിക്കളത്തിലിറങ്ങിയത്. കളി തുടങ്ങി ഏഴാം മിനിറ്റില്‍ ഒഫീഷ്യലുകള്‍ കളത്തിലെത്തി മത്സരം തടസ്സപ്പെടുത്തി. 

പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അര്‍ജന്റീനന്‍ താരങ്ങളായ എമിലിയാനോ മാര്‍ട്ടിനെസ്, എമിലിയാനോ ബുവേന്‍ഡിയ (ആസ്റ്റണ്‍ വില്ല), ക്രിസ്റ്റ്യന്‍ റൊമേരോ, ലോ സെല്‍സോ(ടോട്ടനം) എന്നിവര്‍ ക്വാറന്റെയ്ന്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ബ്രസീല്‍ ആരോഗ്യവിഭാഗം അധികൃതര്‍ ആരോപിച്ചു. 

എന്നാല്‍, മാര്‍ട്ടിനെസ്, റൊമേറോ, ലോ സെല്‍സോ എന്നിവര്‍ ഉള്‍പ്പെട്ട ലൈനപ്പ് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു. അപ്പോള്‍ ബ്രസീല്‍ അധികൃതര്‍ ഇടപെട്ടിരുന്നില്ല.

click me!