
ലണ്ടന്‍: മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തെ(Brendon McCullum) ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി(England Men's Test Head Coach) നിയമിച്ചു. ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(KKR) പരിശീലകനായ മക്കല്ലം സീസണൊടുവില്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും. ജൂണില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് പരിശീലകനെന്ന നിലയില്‍ മക്കല്ലത്തിന്‍റെ ആദ്യ ദൗത്യമെന്നതും കൗതുകകരമാണ്.
ജൂണ്‍ രണ്ടിന് ലോര്‍ഡ്സിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുക. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ഇന്ത്യക്കെതിരെ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കാതെ പോയ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ഏക ടെസ്റ്റും ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ വര്‍ഷത്തെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ജോ റൂട്ടിന് പകരം ബെന്‍ സ്റ്റോക്സിനെ ടെസ്റ്റ് ടീമിന്‍റെ പുതിയ നായകനായി കഴിഞ്ഞ ആഴ്ച തെരഞ്ഞെടുത്തിരുന്നു.
ജോ റൂട്ടിന് പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
ഇതിന് പിന്നാലെയാണ് മുന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡിന് പകരക്കാരനായി ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പരിശീലകനായി മക്കല്ലം വരുന്നത്. വെടിക്കെട്ട് ബാറ്റര്‍ എന്ന നിലയില്‍ അറിയപ്പെടുമ്പോഴും ന്യൂസിലന്‍ഡിനായി 101 ടെസ്റ്റുകളില്‍ മക്കലം കളിച്ചിട്ടുണ്ട്. 2012 മുതല്‍ 2016ല്‍ വിരമിക്കുന്നതുവരെ ന്യൂസിലന്‍ഡ് ടീമിന്‍റെ നായകനുമായിരുന്നു മക്കല്ലം. ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് മക്കല്ലം പ്രതികരിച്ചു.
ഇംഗ്ലണ്ട് ടീം നിലവില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ബോധ്യമുണ്ടെന്നും അതെല്ലാം അതിജീവിച്ച് ടീമിനെ വിജയപാതയില്‍ തിരിച്ചെത്തിക്കാനാവുമെന്നും മക്കല്ലം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഇനി രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്. അടുത്ത ശനിയാഴ്ച സണ്‍റൈസേഴ്സിനെതിരെയും 18ന് ലഖ്നൗവിനെതിരെയും. ഇത് കഴിഞ്ഞാല്‍ ഈ മാസം അവസാനത്തോടെ പുതിയ ചുമതല ഏറ്റെടുക്കാന്‍ മക്കല്ലം ഇംഗ്ലണ്ടിലെത്തും.
യുവതാരത്തെ കൈവിടേണ്ടിവന്നത് തീരാനഷ്ടമെന്ന് മക്കല്ലം
കഴിഞ്ഞ ഒമ്പത് ടെസ്റ്റുകളില്‍ ജയിച്ചിട്ടില്ലാത്ത ഇംഗ്ലണ്ട് അവസാനം കളിച്ച 17 ടെസ്റ്റില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. ഇംഗ്ലണ്ടിനെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിക്കുകയായിരിക്കും സ്റ്റോക്സിന്‍റെയും മക്കല്ലത്തിന്‍റെയും മുന്നിലെ പ്രധാന വെല്ലുവിളി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!