ജൂണ്‍ രണ്ടിന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലാവും നായകനായുള്ള സ്റ്റോക്സിന്‍റെ അരങ്ങേറ്റം. 2020ല്‍ ജോ റൂട്ടിന്‍റെ അഭാവത്തില്‍ ഒരു ടെസ്റ്റില്‍ സ്റ്റോക്സ് ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്.
ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പുതിയ നായകനായി ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ(Ben Stokes) തെരഞ്ഞെടുത്തു. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനാവുന്ന 81-മത്തെ ക്രിക്കറ്ററാണ് സ്റ്റോക്സ്. അഞ്ച് വര്‍ഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ നായകനായിരുന്ന റൂട്ട് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ നായക സ്ഥാനം രാജിവെച്ചിരുന്നു.
ജൂണ്‍ രണ്ടിന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലാവും നായകനായുള്ള സ്റ്റോക്സിന്‍റെ അരങ്ങേറ്റം. 2020ല്‍ ജോ റൂട്ടിന്‍റെ അഭാവത്തില്‍ ഒരു ടെസ്റ്റില്‍ സ്റ്റോക്സ് ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. 79 ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ള സ്റ്റോക്സ് 5061 റണ്‍സും 174 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 2017 മുതല്‍ രണ്ട് ഘട്ടങ്ങളിലായി ഇംഗ്ലണ്ടിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു 30കാരനായ സ്റ്റോക്സ്.
ഇംഗ്ലണ്ട് ടീമിന്‍റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനമുഹൂര്‍ത്തമാണെന്ന് സ്റ്റോക്സ് പറഞ്ഞു. ഇംഗ്ലണ്ട് ക്രിക്കറ്റിനായി റൂട്ട് ചെയ്ത സേവനങ്ങളോട് നന്ദിയുണ്ടെന്നും ഇംഗ്ലണ്ട് ടീമിലെ നിര്‍ണായക സാന്നിധ്യമായി റൂട്ട് തുടരുമെന്നും സ്റ്റോക്സ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കൊവിഡ് കാലത്ത് ഇംഗ്ലണ്ട് ഏകദിന ടീമിനെ സ്റ്റോക്സ് നയിച്ചിരുന്നു. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ടീമിനെ നയിച്ച സ്റ്റോക്സ് 3-0ന് പരമ്പര നേടുകയും ചെയ്തു. പിന്നീട് ക്രിക്കറ്റില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ അനിശ്ചിതകാല ഇടവേളയെടുത്ത സ്റ്റോക്സ് ആഷസ് പരമ്പരയിലൂടെയാണ് വീണ്ടും ക്രിക്കറ്റില്‍ തിരിച്ചെത്തിയത്.
കഴിഞ്ഞ ഒമ്പത് ടെസ്റ്റുകളില്‍ ജയിച്ചിട്ടില്ലാത്ത ഇംഗ്ലണ്ട് അവസാനം കളിച്ച 17 ടെസ്റ്റില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. ഇംഗ്ലണ്ടിനെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിക്കുകയായിരിക്കും സ്റ്റോക്സിന്‍റെ മുന്നിലെ പ്രധാന വെല്ലുവിളി.
