സ്റ്റീവ് സ്മിത്തിന് അതിന് കഴിയില്ല; ടെസ്റ്റില്‍ 400 റണ്‍സടിക്കാന്‍ സാധ്യതയുള്ളവര്‍ ആ മൂന്നുപേരെന്ന് ലാറ

By Web TeamFirst Published Jan 2, 2020, 4:59 PM IST
Highlights

വാര്‍ണറെ പോലെ ആക്രമിച്ചു കളിച്ചുന്ന ഒരു ബാറ്റ്സ്മാന് തീര്‍ച്ചയായും സാധ്യതയുണ്ട്. ക്രീസിലെത്തുമ്പോള്‍ തന്നെ സെറ്റാവാനും ആക്രമിച്ചു കളിക്കാനും കഴിയുന്നതാണ് കോലി എന്റെ നേട്ടം മറികടക്കാനുള്ള സാധ്യത കൂട്ടുന്നത്.

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ പേരിലുള്ള ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 400 റണ്‍സിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യതയുള്ള മൂന്നുപേരെ തെരഞ്ഞെടുത്ത് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന സ്റ്റീവ് സ്മിത്തിനെ പോലൊരു ബാറ്റ്സ്മാന് 400 റണ്‍സ് മറികടക്കുക ബുദ്ധിമുട്ടാവുമെന്ന് പറഞ്ഞ ലാറ ഡേവിഡ് വാര്‍ണറും, രോഹിത് ശര്‍മയും, വിരാട് കോലിയും ഈ നേട്ടം മറികടക്കാന്‍ സാധ്യതയുള്ളവരാണെന്ന് വ്യക്തമാക്കി.

വാര്‍ണറെ പോലെ ആക്രമിച്ചു കളിച്ചുന്ന ഒരു ബാറ്റ്സ്മാന് തീര്‍ച്ചയായും സാധ്യതയുണ്ട്. ക്രീസിലെത്തുമ്പോള്‍ തന്നെ സെറ്റാവാനും ആക്രമിച്ചു കളിക്കാനും കഴിയുന്നതാണ് കോലി എന്റെ നേട്ടം മറികടക്കാനുള്ള സാധ്യത കൂട്ടുന്നത്. ആക്രമിച്ചു കളിക്കുന്ന ബാറ്റ്സ്മാനാണ് കോലി. തന്റേതായ ദിവസം രോഹിത് ശര്‍മയും ഈ നേട്ടത്തിലെത്താന്‍ കെല്‍പ്പുള്ള താരമാണ്-ലാറ പറഞ്ഞു. 2004ല്‍ ഇംഗ്ലണ്ടിനെതിരെ ആണ് ലാറ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 400 റണ്‍സ് കുറിച്ചത്.

ഐസിസി ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും ലാറ പറഞ്ഞു. ഐസിസി ടൂര്‍ണമെന്റുകളില്‍ മറ്റെല്ലാ ടീമുകളും ഇന്ത്യയെ ലക്ഷ്യമിടുന്നു എന്നത് തന്നെ അവരുടെ മികവിന്റെ അടയാളമാണ്. ക്വാര്‍ട്ടറിലോ, സെമിയിലോ, ഫൈനലിലോ അവര്‍ വീഴുമെന്ന് മറ്റ് ടീമുകള്‍ എപ്പോഴും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ജയിച്ച് കോലിക്കും സംഘത്തിനും ഇതില്‍ മാറ്റം വരുത്താനാവുമെന്നും ലാറ പറ‍ഞ്ഞു. 2013ല്‍ ധോണിക്ക് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫി ജയിച്ചശേഷം ഇന്ത്യ ഐസിസി ടൂര്‍ണമെന്റുകളില്‍ വിജയം നേടിയിട്ടില്ല.

click me!