അര്‍ധസെഞ്ചുറി നേടിയ മെന്‍ഡിസ് പുറത്താശേഷം പവന്‍ രത്നായകയെ(28) കൂട്ടുപിടിച്ച നിസങ്ക ലങ്കയുടെ സൂപ്പര്‍ 8 പ്രവേശനം രാജകീയമാക്കി.
കൊളംബോ: മുൻ ചാമ്പ്യൻമാരായ ഓസ്ട്രേിലയയുടെ സൂപ്പര്‍ 8 സാധ്യതകള്‍ തുലാസിലാക്കി ശ്രീലങ്ക. ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്ത ശ്രീലങ്ക സൂപ്പര്‍ 8ലെത്തിയപ്പോള്‍ സൂപ്പര്‍ 8ലെത്താന്‍ ഓസ്ട്രേലിയക്ക് അവസാന മത്സരം വരെ കാത്തിരിക്കണം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ 181 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 52 പന്തില്‍ ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി നേടിയ ഓപ്പണര്‍ പാതും നിസങ്കയുടെയും 38 പന്തില്‍ 51 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്‍റെയും ബാറ്റിംഗ് മികവില്‍ ശ്രീലങ്ക അനായാസ ജയം സ്വന്തമാക്കി. ഒരു റണ്‍സെടുത്ത കുശാല്‍ പേരേരെയെ രണ്ടാം ഓവറിലെ നഷ്ടമായശേഷമായിരുന്നു നിസങ്കയും മെന്‍ഡിസും ചേര്‍ന്ന് ലങ്കക്കായി തിരിച്ചടിച്ചത്.
അര്‍ധസെഞ്ചുറി നേടിയ മെന്‍ഡിസ് പുറത്താശേഷം പവന്‍ രത്നായകയെ(28) കൂട്ടുപിടിച്ച നിസങ്ക ലങ്കയുടെ സൂപ്പര്‍ 8 പ്രവേശനം രാജകീയമാക്കി. തോല്‍വിയോടെ നാളെ നടക്കുന്ന സിംബാബ്‌വെ-അയര്‍ലന്‍ഡ് മത്സരഫലം ഓസ്ട്രേലിയക്ക് നിര്‍ണായകമായി. അവസാന മത്സരത്തില്‍ ഒമാനെ നേരിടുന്ന ഓസീസിന് ജയിച്ചാലും സൂപ്പര്‍ 8 ഉറപ്പിക്കാനാവില്ല. അയര്‍ലന്‍ഡിനെതിരെ സിംബാബ്‌വെ ജയിച്ചാല്‍ ഓസ്ട്രേലിയ സൂപ്പര്‍ 8ലെത്താതെ പുറത്താവും. വെള്ളിയാഴ്ചയാണ് ഓസീസ് ഒമാനെ നേരിടുക.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കായി അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 8.1 ഓവറില്‍ 104 റണ്‍സടിച്ചെങ്കിലും ഇരുവരും മടങ്ങിയശേഷം സ്പിന്നര്‍മാരിലൂടെ ഓസീസിനെ പൂട്ടിയ ലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തി. 27 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസും 22 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്‌വെല്ലും മാത്രമാണ് പിന്നീട് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. ലങ്കക്കായി ദുഷന്‍ ഹേമന്ത മൂന്ന് വിക്കറ്റെടുത്തു.
