ഒരുമിച്ച് കളിക്കാന്‍ സച്ചിനും ധോണിയും; കാരണമറിഞ്ഞാല്‍ ആരും കയ്യടിക്കും

By Web TeamFirst Published Jan 14, 2020, 11:30 AM IST
Highlights

 ഓസ്‌ട്രേലിയയില്‍ ആളിപടര്‍ന്ന കാട്ടുതീയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ നടത്തുന്ന മത്സരത്തിലായിരിക്കും സച്ചിനും ധോണിയും ഒരുമിച്ച് കളിക്കുക

സിഡ്‌നി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയും വീണ്ടും ഒരുമിച്ച് കളിക്കാൻ അവസരമൊരുങ്ങുന്നു. ഓസ്‌ട്രേലിയയില്‍ ആളിപടര്‍ന്ന കാട്ടുതീയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ നടത്തുന്ന മത്സരത്തിലായിരിക്കും സച്ചിനും ധോണിയും ഒരുമിച്ച് കളിക്കുക. ഓസീസ് ഇതിഹാസങ്ങളായ റിക്കി പോണ്ടിങ്ങും ഷെയ്ന്‍ വോണുമാണ് സംഘാടകർ. ഇവ‍‍ർ തന്നൊണ് ഇരു ടീമുകളെയും നയിക്കുക. 

മത്സരത്തിനായി ധോണി, സച്ചിന്‍, ബ്രയാൻ ലാറ എന്നിവരുമായി ബന്ധപ്പെട്ട് കഴിഞ്ഞുവെന്ന് വോണ്‍ വ്യക്തമാക്കി. ക്രിക്കറ്റ് ലോകത്ത് നിന്നുള്ളവര്‍ മാത്രമാവില്ല ടീമില്‍ അംഗമാവുക. സംഗീതം, സിനിമ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള സെലിബ്രിറ്റികളെ കൊണ്ടുവരാന്‍ ശ്രമിക്കും. മത്സരവുമായി സഹകരിക്കണോ എന്ന് അതത് താരങ്ങളാണ് തീരുമാനിക്കേണ്ടതെന്നും വോണ്‍ പറഞ്ഞു. ഫെബ്രുവരി എട്ടിന് മത്സരം നടത്താനാണ് ആലോചിക്കുന്നത്.

മത്സരത്തിന് ഇതിഹാസ നിര

ചാരിറ്റി മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ മുന്‍ താരങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ബ്രെറ്റ് ലീ, ജസ്റ്റിന്‍ ലാംഗര്‍, മൈക്കല്‍ ക്ലാര്‍ക്ക്, ഷെയ്‌ന്‍ വാട്‌സണ്‍ എന്നിവര്‍ അണിനിരക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഓസ്‌ട്രേലിയയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ പദ്ധതികളാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിഭാവനം ചെയ്യുന്നതെന്ന് സിഇഒ കെവിന്‍ റോബര്‍ട്ട്‌സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വോണ്‍ തന്‍റെ വിഖ്യാതമായ ബാഗി ഗ്രീന്‍ ക്യാപ്പ് ലേലം ചെയ്‌തും വലിയ തുക കണ്ടെത്തിയിട്ടുണ്ട്. 

ഫെബ്രുവരി എട്ടിന് ലഭിക്കുന്ന എല്ലാ തുകയും 'ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് ഡിസാസ്റ്റര്‍ റിലീഫ് ആന്‍ഡ് റിക്കവറി ഫണ്ടി'ന് കൈമാറും. കാട്ടുതീ അണയ്‌ക്കുന്നതിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം ഉപയോഗിക്കും. ധനസമാഹരണത്തിനുള്ള റിലീഫ് ക്രിക്കറ്റ് മാച്ചിന് പുറമെ ത്രിരാഷ്‌ട്ര ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വനിതാ ടി20ക്കും ബിഗ് ബാഷ് ടി20 ഫൈനലിനും അന്നേദിവസം ഓസ്‌ട്രേലിയ വേദിയാവുന്നുണ്ട്.  

click me!