ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ അഭിമുഖത്തിനെത്തിയ അഞ്ചുപേരെയും വട്ടംകറക്കി ഉപദേശക സമിതിയുടെ ഒരു ചോദ്യം

By Web TeamFirst Published Mar 4, 2020, 7:55 PM IST
Highlights

അഭിമുഖത്തിനെത്തിയ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, വെങ്കിടേഷ് പ്രസാദ്, രാജേഷ് ചൗഹാന്‍, സുനില്‍ ജോഷി, ഹര്‍വീന്ദര്‍ സിംഗ് എന്നിവരോടെല്ലാം ഉപദേശക സമിതി ഈ ചോദ്യം ചോദിച്ചു.

മുംബൈ: ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് അഭിമുഖത്തിനെത്തിയ അഞ്ചുപേരോടും ഉപദേശക സമിതി അംഗങ്ങളായ മദന്‍ ലാലും ആര്‍ പി സിംഗും സുലക്ഷണ നായിക്കും ചോദിച്ചത് ഒരു സുപ്രധാന ചോദ്യം. ഇന്ത്യന്‍ ടീം സെലക്ടറായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എം എസ് ധോണിയുടെ ഭാവി സംബന്ധിച്ച് എന്തായിരിക്കും നിങ്ങളുടെ തീരുമാനം, ധോണിയെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കുമോ ?.

അഭിമുഖത്തിനെത്തിയ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, വെങ്കിടേഷ് പ്രസാദ്, രാജേഷ് ചൗഹാന്‍, സുനില്‍ ജോഷി, ഹര്‍വീന്ദര്‍ സിംഗ് എന്നിവരോടെല്ലാം ഉപദേശക സമിതി ഈ ചോദ്യം ചോദിച്ചു. സുപ്രധാന ചോദ്യമായതിനാലാണ് എല്ലാവരോടും ഉപദേശക സമിതി ഈ ചോദ്യം ചോദിച്ചതെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞു. ധോണിയുടെ രാജ്യാന്തര കരിയര്‍ സംബന്ധിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് വ്യക്തത വേണമെന്നതിനാലാണ് ഈ ചോദ്യം ചോദിച്ചതെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

അഭിമുഖത്തിനെത്തിയവരില്‍ ചിലരോട് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ഇരിക്കാന്‍ മാത്രമാണോ താല്‍പ്പര്യപ്പെടുന്നത് അതോ സെലക്ഷന്‍ കമ്മിറ്റി അംഗമായിരിക്കാനും തയാറാണോ എന്നും ഉപദേശക സമിതി ആരാഞ്ഞു. സെപ്റ്റംബറില്‍ മൂന്ന് സെലക്ടര്‍മാര്‍ കൂടി ഒഴിയുന്നതോടെ സെലക്ഷന്‍ കമ്മിറ്റിയില്‍ വീണ്ടും അഴിച്ചുപണി വേണ്ടിവരും.

click me!