Latest Videos

ഐപിഎല്ലിലെ പൊന്നും വിലയുള്ള താരം ജയദേവ് ഉനദ്ഘട്ടിന് രഞ്ജിയില്‍ ചരിത്രനേട്ടം

By Web TeamFirst Published Mar 4, 2020, 6:07 PM IST
Highlights

1998-99 സീസണില്‍ 11 കളികളില്‍ 62 വിക്കറ്റെടുത്ത കര്‍ണാടകയുടെ ദൊഡ്ഡ ഗണേഷിന്റെ റെക്കോര്‍ഡാണ് ഉനദ്ഘട്ട് ഇന്ന് മറികടന്നത്. ഒരു രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ഉനദ്ഘട്ട്.

രാജ്കോട്ട്: ഐപിഎല്ലിലെ പൊന്നുംവിലയുള്ള താരമായ സൗരാഷ്ട്രയുടെ ഇടം കൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടിന് രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം. രഞ്ജി സെമിയില്‍ ഗുജറാത്തിനെതിരെ 10 വിക്കറ്റ് വീഴ്ത്തിയതോടെ ഒരു രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന പേസ് ബൗളര്‍ എന്ന റെക്കോര്‍ഡാണ് ഉനദ്ഘട്ട് സ്വന്തമാക്കിയത്. ഫൈനല്‍ കൂടി ബാക്കിയിരിക്കെ ഈ സീസണില്‍ ഒമ്പത് രഞ്ജി മത്സരങ്ങളില്‍ നിന്നായി 65 വിക്കറ്റുകളാണ് ഉനദ്ഘട്ട് സ്വന്തമാക്കിയത്.

1998-99 സീസണില്‍ 11 കളികളില്‍ 62 വിക്കറ്റെടുത്ത കര്‍ണാടകയുടെ ദൊഡ്ഡ ഗണേഷിന്റെ റെക്കോര്‍ഡാണ് ഉനദ്ഘട്ട് ഇന്ന് മറികടന്നത്. ഒരു രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ഉനദ്ഘട്ട്. 2018-2019 സീസണില്‍ 68 വിക്കറ്റെടുത്ത അശുതോഷ് അമന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. ബംഗാളിനെതിരായ ഫൈനലില്‍ നാല് വിക്കറ്റ് കൂടി നേടിയാല്‍ ഈ നേട്ടവും ഉനദ്ഘട്ടിന് സ്വന്തമാവും.

രഞ്ജി സെമിയില്‍ സൗരാഷ്ട്രക്കെതിരെ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി പാര്‍ഥിപ് പട്ടേലും(93) ചിരാഗ് ഗാന്ധിയും(96) ചേര്‍ന്ന് ആറാം വിക്കറ്റില്‍ 158 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഭീഷണി ഉയര്‍ത്തിയെങ്കിലും ഇരുവരെയും പുറത്താക്കി ഉനദ്ഘട്ടിന്റെ പ്രകടനം സൗരാഷ്ട്രയെ തുടര്‍ച്ചയായ രണ്ടാം രഞ്ജി ഫൈനലില്‍ എത്തിച്ചു. ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉനദ്ഘട്ട് രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റെടുത്തു.

സീസണില്‍ ഉനദ്ഘട്ടിന്റെ ഏഴാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. എല്‍ ബാലാജിക്കും അങ്കിത് ചൗധരിക്കുംശേഷം ഒരു രഞ്ജി സീസണില്‍ ഏഴ് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറുമാണ് ഉനദ്ഘട്ട്. ഐപിഎല്‍ താരലേലത്തില്‍ പൊന്നുംവിലയുള്ള ഉനദ്ഘട്ട് 2018ലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്.

click me!