
ബെംഗളൂരു: ദുലീപ് ട്രോഫി രണ്ടാം സെമി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി സെന്‍ട്രല്‍ സോണ്‍. വെസ്റ്റ് സോണിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 438നെതിരെ സെന്‍ട്രല്‍ സോണ്‍ മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ എട്ട് വിക്കറ്റിന് 556 റണ്‍സെടുത്തിട്ടുണ്ട്. സരന്‍ഷ് ജെയ്ന്‍ (37), യഷ് താക്കൂര്‍ (4) എന്നിവരാണ് ക്രീസില്‍. ധര്‍മേന്ദ്രസിന്‍ഹ് ജഡേജ വെസ്റ്റ് സോണിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ വെസ്റ്റ് സോണിന് വേണ്ടി റുതുരാജ് ഗെയ്കവാദ് (184) സെഞ്ചുറി നേടിയിരുന്നു. തനുഷ് കൊട്ടിയാന്‍ (76), ഷാര്‍ദുര്‍ താക്കൂര്‍ (64) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ആയുഷ് പാണ്ഡെ (40), ഡാനിഷ് മലേവാര്‍ (76), ശുഭം ശര്‍മ (96), രജത് പടിധാര്‍ (77), യഷ് റാത്തോഡ് (2), ഉപേന്ദ്ര യാദവ് (59), ഹര്‍ഷ് ദുബെ (63), ദീപക് ചാഹര്‍ (33) എന്നിവരുടെ വിക്കറ്റുകളാണ് സെന്‍ട്രല്‍ സോണിന് നഷ്ടമായത്. ഒരു ദിനം മാത്രം ശേഷിക്കെ മത്സരത്തിലേക്ക് തിരിച്ചെത്തുകയെന്നത് വെസ്റ്റ് സോണിന് സംബന്ധിച്ചിടത്തോളം ദുഷ്‌കരമായിരിക്കും. നേരത്തെ, ആറിന് 363 എന്ന നിലയിലായിരുന്നു വെസ്റ്റ് സോണ്‍ ഇന്നലെ ക്രീസിലെത്തിയിരുന്നത്. 75 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി. സരണ്‍ഷ് ജെയ്ന്‍, ഹര്‍ഷ് ദുബെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ന് തനുഷ്, ഷാര്‍ദുല്‍ എന്നിവര്‍ക്ക് പുറമെ ധര്‍മേന്ദ്ര ജഡേജ (1), നാഗ്വസ്വാല (3) എന്നിവരുടെ വിക്കറ്റും ഇന്ന് നഷ്ടമായി. തുഷാര്‍ ദേഷ്പാണ്ഡെ (18) പുറത്താവാതെ നിന്നു. യശസ്വി ജയ്‌സ്വാളും (4), ശ്രയസ് അയ്യരും (25) നിരാശപ്പെടുത്തിയ മത്സരത്തില്‍ മോശം തുടക്കമായിരുന്നു വെസ്റ്റ് സോണിന്.
മൂന്നാം പന്തില്‍ തന്നെ ജയ്‌സ്വാളിന്റെ വിക്കറ്റ് വെസ്റ്റ് സോണിന് നഷ്ടമായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു ജയ്‌സ്വാള്‍. സഹ ഓണപ്പര്‍ ഹര്‍വിക് ദേശായി (1) നാലാം ഓവറിലും മടങ്ങി. ഇത്തവണ ദീപക് ചാഹറാണ് വിക്കറ്റ് നേടിയത്. ഇതോടെ രണ്ടിന് 10 എന്ന നിലയിലായി വെസ്റ്റ് സോണ്‍. തുടര്‍ന്ന് ആര്യ ദേശായി (39) റുതുരാജ് സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് വെസ്റ്റ് സോണിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്ക് (28 പന്തില്‍ 25) മികച്ച തുടക്കം മുതലാക്കാന്‍ സാധിച്ചില്ല.
ഏകദിന ശൈലയില്‍ ബാറ്റ് വീശിയ താരം നാല് ബൗണ്ടറികള്‍ നേടി. എന്നാല്‍ ഖലീലിന്റെ പന്തില്‍ ശ്രേയസ് ബൗള്‍ഡായത് വെസ്റ്റ് സോണിന് തിരിച്ചടിയായി. ഷംസ് മുലാനിയാണ് (18) പുറത്തായ മറ്റൊരു താരം. ഒന്നാം ദിവസം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗെയ്കവാദും മടങ്ങി. ഒരു സിക്‌സും 25 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
വെസ്റ്റ് സോണ്‍: യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്കവാദ്, ആര്യ ദേശായി, ശ്രേയസ് അയ്യര്‍, ഹാര്‍വിക് ദേശായി (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, ശാര്‍ദുല്‍ താക്കൂര്‍ (ക്യാപ്റ്റന്‍), തനുഷ് കോട്ടിയന്‍, ധര്‍മേന്ദ്രസിങ് ജഡേജ, അര്‍സാന്‍ നാഗ്വാസ്വല്ല, തുഷാര്‍ ദേശ്പാണ്ഡെ.
സെന്‍ട്രല്‍ സോണ്‍: ആയുഷ് പാണ്ഡെ, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പര്‍), ഡാനിഷ് മലേവാര്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), യാഷ് റാത്തോഡ്, ശുഭം ശര്‍മ്മ, ഹര്‍ഷ് ദുബെ, സരന്‍ഷ് ജെയിന്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, യാഷ് താക്കൂര്‍.