
തിരുവനന്തപുരം: ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിനം കേരളം ശക്തമായ നിലയിലേക്ക്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തിട്ടുണ്ട്. സച്ചിന്‍ ബേബിക്ക് പുറമെ മുഹമ്മദ് അസറുദ്ദീനും സെഞ്ചുറി പൂര്‍ത്തിയാക്കി. 128 റണ്‍സുമായി താരം ക്രീസിലുണ്ട്. വൈശാഖ് ചന്ദ്രനാണ് (1) അസറുദ്ദീന് കൂട്ട്. ഇന്നലെ സച്ചിന്‍ ബേബി 112 റണ്‍സ് നേടി പുറത്തായിരുന്നു. ഒഡീഷയ്ക്ക് വേണ്ടി ലളിത് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി.
ആറിന് 245 എന്ന നിലയാണ് കേരളം ഇന്ന് ബാറ്റിംഗിനെത്തിയത്. വൈകാതെ അസറുദ്ദീന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ 11 ബൗണ്ടറികള്‍ കേരള വിക്കറ്റ് കീപ്പര്‍ നേടിയിട്ടുണ്ട്. ആദിത്യ സര്‍വാതെ (53), അഭിജിത് പ്രവീണ്‍ ്(14) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് കേരളത്തിന് നഷ്ടമായത്. ഇന്നലെ സച്ചിന്‍ ബേബിയുടെയും അസറുദ്ദീന്റെയും മികവിലാണ് കേരളം തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും ശക്തമായി തിരിച്ചുവന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 18 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
അക്കൗണ്ട് തുറക്കാതെ മടങ്ങിയ അഭിഷേക് പി നായരാണ് ആദ്യം പുറത്തായത്. തുടര്‍ന്നെത്തിയ ജലജ് സക്സേനയും പൂജ്യത്തിന് മടങ്ങി. 11 റണ്‍സെടുത്ത അഭിഷേക് ജെ നായരുടെ വിക്കറ്റ് കൂടി നഷ്ടമായി തകര്‍ച്ചയെ അഭിമുഖീകരിച്ച കേരളത്തെ സച്ചിന്‍ ബേബിയും ക്യാപ്റ്റന്‍ വിഷ്ണു വിനോദും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 21 റണ്‍സെടുത്ത വിഷ്ണു വിനോദ് സൗമ്യ രഞ്ജന്റെ പന്തില്‍ പുറത്തായി. തുടര്‍ന്നെത്തിയ സല്‍മാന്‍ നിസാര്‍ (21) ബാദല്‍ ബിസ്വാളിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ അഞ്ച് വിക്കറ്റിന് 101 റണ്‍സെന്ന നിലയിലായിരുന്നു കേരളം.
തുടര്‍ന്ന് സച്ചിന്‍ ബേബിയും മുഹമ്മദ് അസറുദ്ദീനും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്സിന് കരുത്ത് പകര്‍ന്നത്. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് 141 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചായയ്ക്ക് ശേഷം കളി പുനരാരംഭിച്ച് വൈകാതെ തന്നെ സച്ചിന്‍ ബേബി തന്റെ സെഞ്ച്വറി തികച്ചു. ലളിത് യാദവിന്റെ പന്തില്‍ സിംഗിളെടുത്താണ് സച്ചിന്‍ തന്റെ 16-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ ആദ്യ ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍ത്തെ ഓവറിലാണ് സച്ചിന്‍ ബേബിയുടെ വിക്കറ്റ് നഷ്ടമായത്. 11 ബൗണ്ടറികളും ഒരു സിക്സുമടക്കം 112 റണ്‍സെടുത്താണ് സച്ചിന്‍ മടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!