Ranji Trophy : വിഷ്ണു വിനോദിനും സെഞ്ചുറി; ഗുജറാത്തിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

Published : Feb 26, 2022, 02:50 PM IST
Ranji Trophy : വിഷ്ണു വിനോദിനും സെഞ്ചുറി; ഗുജറാത്തിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

Synopsis

51 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളം സ്വന്തമാക്കിയത്. രോഹന്‍ കുന്നുമ്മലിന് പുറമെ (129), വിഷ്ണു വിനോദും (113) സെഞ്ചുറി നേടി.

രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 388നെതിരെ കേരളം 439 റണ്‍സ് നേടി. 51 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളം സ്വന്തമാക്കിയത്. രോഹന്‍ കുന്നുമ്മലിന് പുറമെ (129), വിഷ്ണു വിനോദും (113) സെഞ്ചുറി നേടി. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഗുജറാത്ത് രണ്ടിന് 59 എന്ന നിലയിലാണ്.  

നാലിന് 277 റണ്‍സെന്ന നിലയിലാണ് കേരളം മൂന്നാദിനം ആരംഭിച്ചത്. എന്നാല്‍ സ്വന്തം സ്‌കോറിനോട് നാല് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് വത്സല്‍ ഗോവിന്ദ് മടങ്ങി. 25 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ വിഷ്ണുവിനൊപ്പം 98 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ വത്സലിനായിരുന്നു. ആക്രമിച്ച് കളിച്ച വിഷ്ണുവാണ് കൂടുതല്‍ സംഭാവന നല്‍കിയത്. 

വത്സലിന് ശേഷം ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ (6), സിജോമോന്‍ ജോസഫ് (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ബേസില്‍ തമ്പി (15), ഏദിന്‍ ആപ്പിള്‍ ടോം (16), നിതീഷ് എം ഡി എന്നിവരെ കൂട്ടുപിടിച്ചാണ് വിഷ്ണു സ്‌കോര്‍ 400 കടത്തിയത്. 143 പന്തില്‍ ഒരു സിക്‌സും 15 ഫോറും ഉള്‍പ്പെടുന്നതാണ് വിഷ്ണുവിന്റെ ഇന്നിംഗ്‌സ്. എസ് എ ദേശായ്  ഗുജറാത്തിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ (Rohan Kunnummal) തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് കേരളം രണ്ടാം ദിനം ശക്തമായ നിലയിലെത്തിയത്. 171 പന്തില്‍ 129 റണ്‍സെടുത്ത് പുറത്തായ രോഹന് പുറമെ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും(53), 44 റണ്‍സെടുത്ത പി രാഹുലും കേരളത്തിനായി ബാറ്റിംഗില്‍ തിളങ്ങി.

ഓപ്പണിംഗ് വിക്കറ്റില്‍ രാഹുലും രോഹനും ചേര്‍ന്ന് 85 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തിന് മികച്ച സ്‌കോറിലേക്കുളള അടിത്തറയിട്ടു. വണ്‍ ഡൗണായി എത്തിയ ജലജ് സക്‌സേന(4) നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം സെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തിയ രോഹന്‍ കേരളത്തെ ശക്തമായ നിലയില്‍ എത്തിച്ചു. 

101 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും 220 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. സ്‌കോര്‍ 250 കടക്കും മുമ്പ് രോഹന്റെ വിക്കറ്റും കേരളത്തിന് രണ്ടാം ദിനം നഷ്ടമായി. 16 ഫോറും നാല് സിക്‌സും പറത്തിയാണ് രോഹന്‍ 129 റണ്‍സെടുത്തത്. നേരത്തെ 334-6 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം അധികം നീണ്ടില്ല. 388 റണ്‍സില്‍ ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ കേരളത്തിനായി. 

185 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹേത് പട്ടേലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. വാലറ്റക്കാരെ രണ്ടക്കം കടക്കാന്‍ അനുവദിക്കാതെ ബേസിലും നിധിഷും ചേര്‍ന്ന് തുടച്ചു നീക്കിയതാണ് കേരളത്തിന് ഗുണകരമായത്. അഞ്ച് വിക്കറ്റെടുത്ത നിധീഷും നാലു വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് കേരളത്തിനായി ബൗളിംഗില്‍ തിളങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്
ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍