
ധര്‍മശാല: ശ്രീലങ്കയ്‌ക്കെതിരായ ഇന്ന് രണ്ടാം ടി20 മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ (Team India). ധര്‍മശാലയില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. മറുവശത്ത് ശ്രീലങ്കയാവട്ടെ തിരിച്ചുവരവിനുള്ള ഒരുക്കമാണ് നടത്തുന്നത്.
ഇന്ന് രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. യുവ പേസര്‍ ആവേഷ് ഖാന്‍ ടീമിലെത്തുമോ (Avesh Khan) എന്നുള്ള പേസര്‍ ടീമിലെത്തുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. ടീമിലുണ്ടാവാന്‍ സാധ്യതയുള്ള ഏക മാറ്റവും ഇതാണ്. അങ്ങനെ വന്നാല്‍ ഹര്‍ഷല്‍ പട്ടേലായിരിക്കും (Harshal Patel) പുറത്ത് പോവുക. കഴിഞ്ഞ മത്സരത്തില്‍ താരത്തിന് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചിരുന്നില്ല.
ഓപ്പണിംഗ് സ്ഥാനം ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നിലനിര്‍ത്തും. ആദ്യ ടി20യില്‍ ഇരുവരും മികച്ച ഫോമിലായിരുന്നു. രോഹിത് 44 റണ്‍സും കിഷന്‍ 89 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ ഇരുവരും 111 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മൂന്നാമതായി ക്രീസിലെത്തിയ ശ്രേയസ് 57 റണ്‍സ് നേടി. അതുകൊണ്ടുതന്നെ അദ്ദേഹത്തേയും മാറ്റില്ല.
നാലാം സ്ഥാനത്ത് കളിച്ചത് രവീന്ദ്ര ജഡേജയായിരുന്നു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് മുകളിലായിട്ടാണ് ജഡേജയ കളിപ്പിച്ചത്. ജഡേജയെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കുന്ന കാര്യം രോഹിത് കഴിഞ്ഞ മത്സരത്തിന് ശേഷം സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തേയും നിലനിര്‍ത്തും. സഞ്ജുവിന് ആദ്യ ടി20യില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും ടീമില്‍ നിലനിര്‍ത്തും.
ചിലപ്പോള്‍ നാലാമനായി തന്നെ സഞ്ജു കളിച്ചേക്കും. ബൗളിംഗില്‍ തിളങ്ങിയ ഓള്‍റൗണ്ടല്‍ ദീപക് ഹൂഡ പിന്നാലെയെത്തും. തുടര്‍ന്ന് വെങ്കടേഷ് അയ്യരും. സീനിയര്‍ താരങ്ങളായ ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ബുമ്രയും യൂസ്‌വേന്ദ്ര ചാഹലും സ്ഥാനം നിലനില്‍ത്തും. ഹര്‍ഷല്‍ ഇവര്‍ക്കൊപ്പമുണ്ടാകുമെന്നാണ് സൂചന. മാറ്റാന്‍ തീരുമാനിച്ചാല്‍ ആവേഷ് ടീമിലെത്തും. അതേസമയം ടീം ഇന്ത്യക്ക് ചില റെക്കോര്‍ഡുകളും കാത്തിരിക്കുന്നുണ്ട്.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ, വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍/ ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്ര, യൂസ്‌വേന്ദ്ര ചാഹല്‍.
നാട്ടില്‍ കൂടുതല്‍ ജയങ്ങള്‍
നാട്ടില്‍ കൂടുതല്‍ ടി20 ജയം നേടുന്ന ടീമെന്ന റെക്കോഡില്‍ ന്യൂസലന്‍ഡിനൊപ്പമെത്താനും ഇന്ത്യക്ക് അവസരമുണ്ട്. 73 മത്സരത്തില്‍ നിന്ന് 39 ജയവും 26 തോല്‍വിയും വഴങ്ങിയ ന്യൂസീലന്‍ഡാണ് തലപ്പത്ത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 59 മത്സരത്തില്‍ നിന്ന് 38 ജയവും 20 തോല്‍വിയുമാണ് നേരിട്ടത്. വിജയ ശരാശരിയില്‍ ന്യൂസീലന്‍ഡിനെക്കാള്‍ മുന്നിലാണ് ഇന്ത്യ.
മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക 70 മത്സരത്തില്‍ നിന്ന് 37 ജയവും 32 തോല്‍വിയും വഴങ്ങിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 65 മത്സരത്തില്‍ നിന്ന് 32 ജയവും 28 തോല്‍വിയുമാണ് വഴങ്ങിയത്. ഓസ്ട്രേലിയ 51 മത്സരത്തില്‍ നിന്ന് 31 ജയവും 17 തോല്‍വിയുമാണ് വഴങ്ങിയത്.
100 ടി20 വിജയങ്ങള്‍
ടി20 ക്രിക്കറ്റില്‍ 100 വിജയങ്ങളെന്ന നാഴികക്കല്ലും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യയുടെ അയല്‍ക്കാരായ പാകിസ്ഥാന്‍ മാത്രമാണ് 100 കടന്നിട്ടുള്ള ടീം. 189 മത്സരത്തില്‍ നിന്ന് 117 ജയവും 64 തോല്‍വിയുമാണ് പാകിസ്ഥാനുള്ളത്. 62.34 ആണ് പാകിസ്താന്റെ വിജയ ശരാശരി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 157 മത്സരത്തില്‍ നിന്ന് 99 ജയമാണ് ഇതുവരെ നേടിയത്. 51 മത്സരം തോല്‍ക്കുകയും ചെയ്തു. ഇന്ന് ജയിച്ചാല്‍ ടി20യില്‍ 100 ജയമെന്ന നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്കാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!