
കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 11 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായി പരമ്പരയില്‍ 1-0ന് മുന്നിലെത്തിയപ്പോള്‍ നിര്‍ണായകമായത് രണ്ട് താരങ്ങളുടെ പ്രകടനമായിരുന്നു. ബാറ്റിംഗില്‍ അവസാന ഓവറുകളില്‍ ആളിക്കത്തിയ രവീന്ദ്ര ജഡേജയുടെയും ബൗളിംഗില്‍ മൂന്ന് വിക്കറ്റെടുത്ത ചാഹലിന്‍റെയും.
ആദ്യ രണ്ട് ഏകദിനങ്ങളിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് മൂന്നാം ഏകദിനത്തില്‍ അന്തിമ ഇലവനില്‍ നിന്ന് തഴഞ്ഞ ചാഹലിനെ ഇന്ത്യ ആദ്യ ടി20യിലും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ഇന്നിംഗ്സിനിടെ ആദം സാംപയുടെ ബൗളിംഗ് കണ്ടപ്പോള്‍ ചാഹലിനെ ഒഴിവാക്കിയ തന്‍റെ തീരുമാനം പിഴച്ചുവെന്ന് കോലി തിരിച്ചറിഞ്ഞു കാണും. ഓസീസിനായി നാലോവറില്‍ സാംപ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
എന്നാല്‍ ബാറ്റിംഗിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചപ്പോള്‍ അത് ചാഹലിന് അനുഗ്രഹമായി. ഓള്‍ റൗണ്ടറായ ജഡേജക്ക് പകരം ചാഹലിനെ ഇറക്കിയതിനെച്ചൊല്ലി ഓസീസ് തര്‍ക്കിച്ചെങ്കിലും ആ തീരുമാനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഫിഞ്ചിന്‍റെയും സ്മിത്തിന്‍റെയും മാത്യു വെയ്ഡിന്‍റെയും വിക്കറ്റെടുത്ത ചാഹലാണ് കളി ഇന്ത്യക്ക് അനുകൂലമായി തിരിച്ചത്. ഈ പ്രകടനം ചാഹലിനെ കളിയിലെ താരമാക്കുകയും ചെയ്തു. പരിക്കേറ്റ കളിക്കാരന് പകരക്കാരനായി ഇറങ്ങിയ കളിക്കാരന്‍ കളിയിലെ താരമാകുകയെന്ന അപൂര്‍വതയ്ക്കും മത്സരം സാക്ഷ്യംവഹിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!