
ദുബായ്: ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കെതിരായ കനത്ത തോല്‍വിയില്‍ സമൂഹമാധ്യമങ്ങളില്‍ പാകിസ്ഥാന്‍ ടീമിനെതിരെ പൊട്ടിത്തെറിച്ച് ആരാധകര്‍. പാകിസ്ഥാനുവേണ്ടി ഓപ്പണറായി ഇറങ്ങിയ ബാബര്‍ അസമിന്‍റെ മോശം പ്രകടനത്തെയാണ് പാക് ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചത്.
കിംഗ് എന്ന് സ്വയം വിളിക്കുന്ന ബാബര്‍ ഏത് കളിയാണ് പാകിസ്ഥാനെ ജയിപ്പിച്ചിട്ടുള്ളത് എന്ന് രോഷത്തോടെ ഒരു പാക് ആരാധകന്‍ ചോദിച്ചു. ബാബര്‍ ജയിപ്പിച്ചിട്ടുള്ളതെല്ലാം സിംബാബ്‌വെക്കും നേപ്പാളിനും അയര്‍ലന്‍ഡിനെതുമെതിരെയാണ്. എന്നാല്‍ യഥാര്‍ത്ഥ കിംഗ് ആയ വിരാട് കോലി നമുക്കെതിരായ നിര്‍ണായക മത്സരത്തില്‍ കളിച്ചു കാണിച്ചു കൊടുത്തു, ആരാണ് യഥാര്‍ത്ഥ കിംഗെന്ന്. വണ്‍ ഡൗണ്‍ ബാറ്ററായ ബാബറിനെ ഓപ്പണറാക്കിയത് ആരാണെന്നും ആരാധകന്‍ തൊണ്ടപൊട്ടി ചോദിക്കുന്ന വീഡിയ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അതിനിടെ വിരാട് കോലിയുടെ സെഞ്ചുറി ആഘോഷിക്കുന്ന പാകിസ്ഥാന്‍ ആരാധകരുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫാന്‍ വാളില്‍ കളി കാണുന്ന ആരാധകര്‍ കോലിയുടെ സെഞ്ചുറി ആഘോഷിക്കുന്നതാണ് വീഡിയോ. ബാബര്‍ അസം പാകിസ്ഥാന്‍റെ ഏറ്റവും മികച്ച കളിക്കാരനാണ് എന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബാബറിന്‍റെ മികവ് കൊണ്ട് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ച ഒരു മത്സരം കാണിച്ചു തരാമോ എന്ന് മുന്‍ പാക് താരം മുഹമ്മദ് ഹഫീസ് ടെലിവിഷന്‍ ചര്‍ച്ചയില്‍ ചോദിച്ചു.
മുന്‍ താരങ്ങളായ ഇന്‍സമാമും ഷൊയ്ബ് മാലിക്കും യൂനിസ് ഖാനുമെല്ലാം ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 10 വർഷത്തിനിടെ ബാബറിന് അതിന് കഴിഞ്ഞിട്ടില്ലെന്നും ഹഫീസ് ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരെ മാത്രമല്ല ദക്ഷിണാഫ്രിക്കയിലോ ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ പോയിട്ട് ബാബര്‍ എപ്പോഴെങ്കിലും പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ എന്നും ഹഫീസ് ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!