ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ധോണിയില്‍ നിന്ന് സഞ്ജുവിന്റെ കൈകളിലേക്ക്? മറുപടിയുമായി സിഎസ്‌കെ സിഇഒ

Published : Mar 30, 2026, 01:41 PM IST
Sanju Samson-Dhoni

Synopsis

ഐപിഎല്‍ 2026-ല്‍ എം എസ് ധോണിക്ക് പരിക്കേറ്റതോടെ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി വിക്കറ്റ് കാക്കും. സിഎസ്‌കെ സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വലിയ മാറ്റത്തിന് ഐപിഎല്‍ 2026 സാക്ഷ്യം വഹിക്കുകയാണ്. പരിക്കിനെത്തുടര്‍ന്ന് സീസണിലെ ആദ്യ രണ്ടാഴ്ച എം എസ് ധോണി പുറത്തിരിക്കുമ്പോള്‍, മലയാളി താരം സഞ്ജു സാംസണ്‍ സിഎസ്‌കെയ്ക്കായി വിക്കറ്റ് കാക്കും. ടീം സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കണങ്കാലിനേറ്റ പരിക്ക് കാരണമാണ് ധോണിക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമാകുന്നത്.

ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ അരങ്ങേറ്റത്തെ കുറിച്ച് കാശി വിശ്വനാഥന്‍ പറയുന്നതിങ്ങനെ... ''എം എസ് ധോണി കളിക്കാത്തതിനാല്‍ സഞ്ജു സാംസണ്‍ തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍. സഞ്ജു ഇപ്പോള്‍ മികച്ച ഫോമിലാണ്, നെറ്റ്സിലും അദ്ദേഹം മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ട്. സിഎസ്‌കെ പ്രതീക്ഷിക്കുന്ന ആ ഒരു ഇംപാക്ട് നല്‍കാന്‍ സഞ്ജുവിന് സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.'' ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തില്‍ ടീം പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും സഞ്ജുവിന്റെ സാന്നിധ്യം ടീമിന് വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധോണിക്ക് ശേഷമുള്ള കാലം

44 വയസ്സുകാരനായ ധോണി കഴിഞ്ഞ കുറച്ച് സീസണുകളായി തന്റെ റോള്‍ കുറച്ചു കൊണ്ടുവരികയായിരുന്നു. ഫിനിഷര്‍ എന്ന നിലയില്‍ മാത്രം കളിക്കാനിറങ്ങുന്ന ധോണിക്ക് പകരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു വിക്കറ്റ് കീപ്പറെ കണ്ടെത്തുക എന്നത് സിഎസ്‌കെയെ സംബന്ധിച്ച് പ്രധാനമാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുള്ള വമ്പന്‍ ട്രേഡിലൂടെ സഞ്ജു ചെന്നൈയിലെത്തിയത് ഈ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2026 ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയ സഞ്ജുവിന് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

ടീമിലെ മാറ്റങ്ങള്‍

രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവര്‍ ഉള്‍പ്പെട്ട വലിയൊരു കൈമാറ്റ പ്രക്രിയയിലൂടെയാണ് സഞ്ജു സാംസണ്‍ ചെന്നൈ പാളയത്തിലെത്തിയത്. റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ടീമിന്റെ പുതിയ നട്ടെല്ലായി സഞ്ജു മാറുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ ചെന്നൈയ്ക്ക് നേടിക്കൊടുത്ത ധോണിയുടെ പകരക്കാരനാവുക എന്നത് ഏതൊരു താരത്തിനും വെല്ലുവിളിയാണ്. എന്നാല്‍, ധോണിയുടെ അഭാവത്തില്‍ സഞ്ജുവിന് ലഭിക്കുന്ന ഈ ആദ്യ അവസരം ടീമിന്റെ ഭാവി ഘടന നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും. സഞ്ജുവിന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരം വരാനിരിക്കെ ഈ പുതിയ മാറ്റം ഏറെ കൗതുകമുണര്‍ത്തുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: 38 പന്തിൽ കാലത്തെ പിന്നോട്ടടിച്ച് രോഹിത്, വാംഖഡെയില്‍ ഹിറ്റ്മാന്റെ താണ്ഡവം
ഗ്രീന്‍ എന്തുകൊണ്ട് പന്തെറിയുന്നില്ല? അത് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് പോയി ചോദിച്ചാമതിയെന്ന് രഹാനെ