
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഡല്‍ഹി കാപിറ്റല്‍സിനെതിരെ (Delhi Capitals) കൂറ്റന്‍ ജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ 91 റണ്‍സിനാണ് ചെന്നൈ (CSK) ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. 87 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 17.4 ഓവറില്‍ 117ന് എല്ലാവരും പുറത്തായി. മൊയീന്‍ അലി മൂന്ന് വിക്കറ്റെടുത്തു. മുകേഷ് ചൗധരി, സിമാര്‍ജീത് സിംഗ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. തോല്‍വിയോടെ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. ജയത്തോടെ ഒരു ചെറിയ റെക്കോര്‍ഡും ചെന്നൈയുടെ അക്കൗണ്ടിലായി. റണ്‍സ് അടിസ്ഥാനത്തില്‍ സീസണില്‍ അവരുടെ ഏറ്റവും വലിയ വിജയമാണിത്. ഐപിഎല്ലില്‍ ചരിത്രത്തില്‍ അവരുടെ ഏറ്റവും വലിയ നാലാമത്തെ ജയവും.
2015ല്‍ പഞ്ചാബ് കിംഗിസിനെതിരെ നേടിയതാണ് അവരുടെ ഏറ്റവും വലിയ ജയം. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 97 റണ്‍സിനായിരുന്നു അവരുടെ ജയം. 2014ല്‍ ഡല്‍ഹിക്കെതിരെ തന്നെ സ്വന്തമാക്കിയ 93 റണ്‍സിന്റെ ജയമാണ് രണ്ടാമത്തേത്. അബുദാബിയിലായിരുന്നു മത്സരം. 2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 92 റണ്‍സിനും ജയിച്ചു. ഇപ്പോള്‍ ഈ മത്സരവും.
ജയിച്ചെങ്കിലും പ്ലേഓഫില്‍ പ്രവേശിക്കുകയെന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സംബന്ധിച്ചിടത്തോളം കടുപ്പമാണ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചെങ്കിലും 11 മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള ചെന്നൈ എട്ടാം സ്ഥാനത്താണ്.
ഇനിയുള്ള മൂന്ന് മത്സരം ജയിച്ചാല്‍ അവര്‍ക്ക് 14 പോയിന്റേ ആവൂ. വരുന്ന മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ജയിച്ചാല്‍ ചെന്നൈ ഔദ്യോഗികമായി പുറത്താവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!