തന്‍റെ കൂടെ കളിച്ചു തുടങ്ങിയ സഹതാരങ്ങളെല്ലാം പിഎസ്എല്ലിൽ തിളങ്ങുമ്പോൾ താൻ മാത്രം പുറത്തിരിക്കേണ്ടി വരുന്നത് വേദനാജനകമാണെന്ന് ഷെഹ്‌സാദ് പറഞ്ഞു.

ഇസ്ലാമാബാദ്: പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് തുടർച്ചയായി തഴയപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞ് ടെലിവിഷൻ പരിപാടിക്കിടെ വികാരാധീനനായി പൊട്ടിക്കരഞ്ഞ് പാക് ഓപ്പണറായിരുന്ന അഹമ്മദ് ഷെഹ്‌സാദ്. ജിയോ ന്യൂസിലെ 'ഹസ്‌ന മനാ ഹേ' എന്ന ലൈവ് കോമഡി ടോക്ക് ഷോയിൽ മുന്‍താരം മുഹമ്മദ് ആമിറിനൊപ്പം പങ്കെടുക്കവെയാണ് പി എസ് എല്ലില്‍ തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നതിനെക്കുറിച്ച് പറഞ്ഞ് താരം വിതുമ്പിക്കരഞ്ഞത്.

തന്‍റെ കൂടെ കളിച്ചു തുടങ്ങിയ സഹതാരങ്ങളെല്ലാം പിഎസ്എല്ലിൽ തിളങ്ങുമ്പോൾ താൻ മാത്രം പുറത്തിരിക്കേണ്ടി വരുന്നത് വേദനാജനകമാണെന്ന് ഷെഹ്‌സാദ് പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ ഇത് ഒരുപാട് വേദനിപ്പിക്കുന്നു. എനിക്ക് കളിക്കണം. എന്‍റെ കൂടെയുള്ളവരെല്ലാം കളിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്, പക്ഷേ എന്തുകൊണ്ടാണ് എനിക്ക് മാത്രം ഈ അവസ്ഥ വന്നതെന്ന് ചിന്തിക്കുമ്പോൾ സങ്കടം വരും. 18 വർഷമാണ് ഞാൻ ഈ കരിയറിനായി നൽകിയത്. അതെല്ലാം കൺമുന്നിൽ ഇല്ലാതാകുന്നത് കാണുമ്പോൾ കരച്ചിൽ വരും- ഷെഹ്‌സാദ് പറഞ്ഞു.

തന്‍റെ മകനെക്കുറിച്ചുള്ള ഓർമ്മകളാണ് താരത്തെ കൂടുതൽ തളർത്തിയത്. തന്‍റെ കളി മകൻ കാണണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും ഷെഹ്‌സാദ് വെളിപ്പെടുത്തി.എന്റെ മകന് ഇപ്പോൾ ഒൻപത് വയസായി. അവന് ഞാൻ കളിക്കുന്നത് കാണണമെന്നുണ്ട്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവൻ എന്നോട് ചോദിക്കും, 'ബാബാ, നിങ്ങൾ കളിക്കുന്നത് എനിക്ക് ഓർമ്മയുണ്ട്, പക്ഷേ ഇനിയും എനിക്ക് അത് നേരിട്ട് കാണാൻ കഴിയുമോയെന്ന്. ഇത് കേൾക്കുമ്പോൾ സഹിക്കാൻ കഴിയില്ല,ഷെഹ്സാദ് വിതുമ്പിക്കൊണ്ട് പറഞ്ഞു.

Scroll to load tweet…

വർഷങ്ങളായി പാകിസ്ഥാൻ ദേശീയ ടീമിന് പുറത്താണ് അഹമ്മദ് ഷെഹ്‌സാദ്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും പിഎസ്എൽ ലേലത്തിൽ ഒരു ടീമും താരത്തെ എടുക്കാത്തത് വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ താരം നേരത്തെയും രംഗത്തെത്തിയിരുന്നു. എന്നാൽ തന്‍റെ സങ്കടം ഇത്രത്തോളം പരസ്യമായി പ്രകടിപ്പിക്കുന്നത് ഇതാദ്യമായാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക