
ചെന്നൈ: ഐപിഎല്ലില്‍ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് ഒരിക്കല്‍ കൂടി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ റുതുരാജിന്‍റെയും ഡാരില്‍ മിച്ചലിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. 98 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായ റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ഡാരില്‍ മിച്ചല്‍ 32 പന്തില്‍ 52 റണ്‍സെടുത്തപ്പോള്‍ ശിവം ദുബെ 20 പന്തില്‍ 39 റണ്‍സുമായും അവസാന ഓവറില്‍ ക്രീസിലെത്തിയ മുന്‍ നായകന്‍ എം എസ് ധോണി രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായും പുറത്താകാതെ നിന്നു.
തുടക്കം തകര്‍ച്ചയോടെ
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ചെന്നൈക്ക് തുടക്കത്തിലെ ഓപ്പണര്‍ അജിങ്ക്യാ രഹാനെയെ(12 പന്തില്‍ 9) നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്. എന്നാല്‍ മൂന്നാം ഓവറില്‍ രഹാനെയെ നഷ്ടമായതിന് പിന്നാലെ ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ റുതുരാജിനൊപ്പം തകര്‍ത്തടിച്ചതോടെ ചെന്നൈ സമ്മര്‍ദ്ദമില്ലാതെ മുന്നോട്ടുപോയി. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സിലെത്തിയ ചെന്നൈക്കായി റുതുരാജ് 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 11 ഓവറില്‍ 100 റണ്‍സിലെത്തിയ ചെന്നൈക്കായി ഡാരില്‍ മിച്ചലും തകര്‍ത്തടിച്ചതോടെ സ്കോര്‍ കുത്തനെ ഉയര്‍ന്നു. 29 പന്തില്‍ സീസണിലെ ആദ്യ അര്‍ധെസെഞ്ചുറി തികച്ച ഡാരില്‍ മിച്ചല്‍ റുതുരാജിനൊപ്പം 107 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് മടങ്ങിയത്.
മിച്ചല്‍ മടങ്ങിയശേഷമെത്തിയ ശിവം ദുബെയും തകര്‍ത്തടിച്ചതോടെ ചെന്നൈ പതിനാറാം ഓവറില്‍ 150 കടന്നു. അര്‍ഹിച്ച സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ റുതുരാജ് അവസാന ഓവറില്‍ മടങ്ങുമ്പോള്‍ ചെന്നൈ 200 റണ്‍സ് കടന്നിരുന്നു. 98 റണ്‍സില്‍ നില്‍ക്കെ അവാസന ഓവറില്‍ നടരാജനെ സിക്സ് അടിക്കാന്‍ ശ്രമിച്ച റുതുരാജിനെ നിതീഷ് റെഡ്ഡി ലോംഗ് ഓണില്‍ ക്യാച്ചെടുത്തു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി അടിച്ച ധോണി അഞ്ച് റണ്‍സുമായും നാലു സിക്സും ഒരു ഫോറും പറത്തിയ ശിവം ദുബെ 20 പന്തില്‍ 39 റണ്‍സുമായും പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക