
ലണ്ടന്‍: കൗണ്ടി ക്രിക്കറ്റിലെയും റോയല്‍ ലണ്ടന്‍ ഏകദിന ചാമ്പ്യന്‍ഷിപ്പിലെയും മിന്നുന്ന ഫോം നിര്‍ണായക മത്സരത്തില്‍ പുറത്തെടുക്കാനാവാതെ സസെക്സ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാര. റോയല്‍ ലണ്ടന്‍ വണ്‍ഡേ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ ലങ്കാഷെയറിനെതിരെ 320 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സസെക്സിനായി നാലാമനായി ക്രീസിലെത്തിയ പൂജാരക്ക് 10 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 31 പന്തില്‍ 10 റണ്‍സെടുത്ത പൂജാര ബ്ലാഡേഴ്സന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താവുകയായിരുന്നു. 320 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സസെക്സ് 46.3 ഓവറില്‍ 254 റണ്‍സിന് പുറത്തായി. 65 റണ്‍സ് തോല്‍വി വഴങ്ങിയപ്പോള്‍ ജയവുമായി ലങ്കാഷെയര്‍ ഫൈനലിലെത്തി. സ്കോര്‍ ലങ്കാഷെയര്‍ 50 ഓവറില്‍ 319-8, സസെക്സ് 46.3 ഓവറില്‍ 254ന് ഓള്‍ ഔട്ട്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്കാഷെയര്‍ ഡെയ്ന്‍ വിലാസിന്‍റെ(99 പന്തില്‍ 121)സെഞ്ചുറിയുടെയും ലാവെല്ലെ(50), ഡാനി ലാംബ്(57) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവിലാണ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില് 319 റണ്‍സടിച്ചത്.
മറുപടി ബാറ്റിംഗില്‍ മികച്ച ഫോമിലുള്ള ടോം അസ്‌ലോപ്പിനെ(25) തുടക്കത്തിലെ നഷ്ടമായെങ്കിലം അലിസ്റ്റര്‍ ഓര്‍(65 പന്തില്‍ 71)ടോം ഹെയ്ന്‍സ്(49) കൂട്ടുകെട്ട് സസെക്സിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഓര്‍ പുറത്തായശേഷം ക്രീസിലെത്തിയ പൂജാരക്ക് മുന്‍ മത്സരങ്ങളിലെ മിന്നുന്ന പ്രകടനം ആവര്‍ത്തിക്കാനായില്ല.ടോം ക്ലാര്‍ക്ക്(31), ഡെല്‍റെ റോവ്ലിന്‍സ്(23) എന്നിവര്‍ പൊരുതി നോക്കിയെങ്കിലലും ലക്ഷ്യത്തിലെത്താനായില്ല,
ലങ്കാഷെയറിനായി ലിയാം ഹര്‍ട്ട് മൂന്നും ജോര്‍ജ് ബാള്‍ഡേഴ്സണ്‍, ഡാനി ലാംബ്, വില്‍ വില്യംസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഇംഗ്ലണ്ടില്‍ സ്വപ്നതുല്യം പൂജാരയുടെ ബാറ്റിംഗ്
റോയല്‍ ലണ്ടന്‍ കപ്പില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ 9(16),63 (71), 14* (7), 107 (79), 174 (131), 49* (68), 66 (66), 132 (90) 10(31)എന്നിങ്ങനെയായിരുന്നു പൂജാരയുടെ പ്രകടനം. ടൂര്‍ണമെന്‍റില്‍ ഒമ്പത് മത്സരങ്ങളില്‍ 102.33 ശരാശരിയില്‍ 116.29 പ്രഹരശേഷിയില്‍ 624 റണ്‍സടിച്ച പൂജാര ടൂര്‍ണമെന്‍റിലെ രണ്ടാമത്തെ വലിയ റണ്‍വേട്ടക്കാരനുമായി.
നേരത്തെ, കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും പൂജാര സസെക്സിനായി തിളങ്ങിയിരുന്നു. 13 ഇന്നിംഗ്സില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം അഞ്ച് സെഞ്ചുറിയോടെ 109.40 ശരാശരിയില്‍ 1094 റണ്‍സാണ് പൂജാര നേടിയത്.